തെളിച്ചം

മേൽക്കുമേൽ വർധിച്ചുവന്ന ആഗ്രഹം സഫലീകരിച്ച ദിനം കടന്നുപോയിട്ട് കുറെ നാളുകളായി… Social worker ആയി മാറിയതിൽ പിന്നെ എന്റെ സഞ്ചാരം മുഴുവനും അവിടെ ആയിരുന്നു… സംതൃപ്തിയും സന്തോഷവും നിറഞ്ഞ, uncomfortable എന്ന് ഞാൻ മുദ്രകുത്തിയ കുറെയേറെ കാര്യങ്ങൾ സാക്ഷാൽകരിച്ച നിമിഷങ്ങൾ.

കുറെ നാളായി ഒറ്റക്കുള്ള യാത്ര സ്വപ്നം കാണാൻ തുടങ്ങിയിട്ട്.., എന്തെ ഒറ്റക്ക് എന്ന് ചോദിച്ചാൽ..ആ എക്സ്പീരിയൻസ് നൽകുന്ന ഒരു മാനസിബലം ഉണ്ടല്ലോ.. പറയേണ്ട കാര്യമില്ല എന്നാലും, മനുഷ്യൻ ഒറ്റക്ക് യാത്രപോകണം എന്നാണ് എനിക്ക് പറയാനുള്ളത്…ചിലപ്പോൾ നിങ്ങൾക്ക് എന്റെ എഴുത്തിൽ പഴയപോലെ കടുകട്ടി വാക്കുകളുടെ അഭാവം കണ്ടേക്കാം…വ്യത്യസ്ഥരായ ഒരുപാട് മനുഷ്യരോട് സംസാരിച്ച്, യാത്രകൾ ചെയ്ത്, അവരുടെ ഭാഷയുടെ ലാളിത്യം എപ്പോഴോ എന്നെയും എന്റെ ചിന്തകളെയും ബാധിച്ചിട്ടുണ്ടാവാം..

ചിന്തകൾക്ക് കനം കൂടി, കാഴ്ചപ്പാടുകൾക്ക് പരക്കെ ഒരു വ്യക്തത വന്ന പോലെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിചിത്രമായ പലേ കാര്യങ്ങളും ഈ വർഷങ്ങൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞു..

എന്നെ ഞാൻ കാണാൻ ആഗ്രഹിച്ച നിമിഷങ്ങളിലൂടെയുള്ള യാത്രക്ക് എന്ത് പേര് നൽകണമെന്ന് എപ്പോഴും വൈകാരികമായി ചിന്തിക്കുന്ന ഒന്നാണ്. ആ ഒരു process നൽകുന്ന ഊർജമാണ് എപ്പോഴും മുന്നോട്ട് നയിക്കുന്നത്.

അറിയില്ല.. കുറെ നാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവിലൂടെ എന്ത് പങ്കുവെക്കണമെന്ന് ഒന്നുമാലോചിച്ചില്ല…ആലോചിച്ചാൽ കെട്ടുകണക്കിന്, തലച്ചോറിൽ പൂട്ടിവെച്ചിട്ടുള്ള അനുഭവങ്ങള് പുറത്തുചാടിയേനെ.. ഒന്നൊന്നായി പറയണം.. പിന്നീടൊരിക്കൽ വന്നെത്തി നോക്കുമ്പോൾ, ജീവിതത്തിന് മടുപ്പ് തോന്നുമ്പോൾ, എഴുത്തുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് കൈമാറുമ്പോൾ.. അതൊരു കെടാ വിളക്കായി തെളിഞ്ഞു നിൽക്കും. എല്ലായ്പോഴും💖

നിശബ്ദ താഴ്വര

യാത്രകൾ എന്നും മനുഷ്യമനസ്സിനെ കോരിത്തരിപ്പിക്കുന്ന ഒരുപിടി നല്ല നിമിഷങ്ങളുടെ മായജാലമാണ്…പലേ തരത്തിൽ യാത്രകളെ ഇഷ്ടപ്പെടുന്നവർ ഉണ്ടല്ലേ… ചിലർക്ക് ഗ്രാമം, ചിലർക്ക് പട്ടണം മറ്റുചിലർക്ക് പുരാതന നിർമ്മിതികളിലേക്ക്..അങ്ങനെ യാത്രകളിലെ ലക്ഷ്യങ്ങൾക്ക്, ഓരോരുത്തരുടെ അഭിരുചി അനുസരിച്ച് ഒരുപാട് വ്യത്യാസങ്ങൾ കാണുവാൻ സാധിക്കും…

സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനൽ കണ്ട് മതിമറന്നാണ് ഞാൻ യാത്രകളെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും പഠിച്ചത്…കൂടുതൽ ലളിതമായി പറഞ്ഞാൽ ഒരു കടുത്ത ആരാധിക😁 യാത്രകളിൽ നിന്നുണ്ടാകുന്ന അനുഭവപാടവം കൊത്തിവെച്ച ശിൽപം കണക്കെ മനോഹരവും, മങ്ങലേൽക്കാത്തതുമാണെന്ന് അദ്ദേഹത്തിന്റെ ഓരോ എപ്പിസോഡ് കാണുമ്പോഴും വ്യക്തമായിരുന്നു..

ഒറ്റക്കൊരു യാത്ര ഇപ്പോഴും സ്വപ്നമാണ്… യാത്രകൾ ഒരുപാട് ചെയ്തിട്ടില്ലെങ്കിലും…ചില യാത്രകൾ നൽകിയ ഇഷ്ടങ്ങളുണ്ട്, അനുഭവങ്ങളുണ്ട്, സൗഹൃദങ്ങളുണ്ട്, അറിവുകളുണ്ട്… അങ്ങനെ ഒന്നാണ് ഞാൻ പങ്കുവെക്കുന്നത്… എന്റെ പ്ലസ് one കാലഘട്ടത്തിൽ Forest club ന്റെ ഭാഗമായി സൈലന്റ് വാലി യിൽ(നിശബ്ദ താഴ്വര ) പോയതാണ് എന്റെ എക്കാലത്തെയും നല്ല യാത്രകളിൽ ഒന്നാമതായി നിൽക്കുന്നത്…പത്തനംതിട്ട ജില്ലയിലെ എല്ലാ higher secondary സ്കൂളുകളിൽ നിന്നും ഒന്നോ അല്ലെങ്കിൽ രണ്ട് പെണ്കുട്ടികൾക്കായിരുന്നു ഈ യാത്രക്ക് അവസരം… അപരിചിതരായ ഒട്ടനവധി മുഖങ്ങൾക്കൊപ്പമുള്ള ആദ്യയാത്ര…പാലക്കാട് ആണ് സൈലന്റ് വാലി സ്‌ഥിതി ചെയ്യുന്നത്…മലയാളി…കേരളീയൻ എന്നൊക്കെ പറഞ്ഞാലും എല്ലാ ജില്ലകളിലൂടെയും യാത്ര ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഇല്ല എന്ന് തന്നെ… അങ്ങനെ പാലക്കാടിന്റെ മനോഹാരിതയിലേക്ക് എത്തിപ്പെട്ടു…ആ ചെറിയ ഇളം തണുപ്പും, വഴിയുടെ ഇരുവശങ്ങളിലായി തിങ്ങി നിൽക്കുന്ന മരങ്ങളുടെ കടുംപച്ച നിറത്തിലുള്ള വന്യതയും വല്ലാതെ ആകർശിച്ചു…

അങ്ങനെ വളവുകളും തിരിവുകളുമുള്ള വഴിയിലൂടെയുള്ള യാത്ര ഒടുക്കം സൈലന്റ് വാലിയിൽ ചെന്നെത്തി…അവിടെ stay ചെയ്യാനുള്ള ഇടമൊക്കെ ഉണ്ടായിരുന്നു… ആ രാത്രി എല്ലാവരുമൊന്നിച്ച് കഥകൾ ഒക്കെ പറഞ്ഞും, അടുത്ത ദിവസങ്ങളിലെ യാത്രകളെ കുറിച്ച് പറഞ്ഞും വളരെ ഉത്സാഹഭരിതരായിരുന്നു… അടുത്ത ദിവസം സൈലന്റ് വാലിയിൽ കുന്തിപ്പുഴയിലേക്കുള്ള യാത്രയിലാണ്… അന്നേ ദിനം മനസ്സിൽ കരുതിവെച്ച കാടിന്റെ രൂപമായിരുന്നില്ല കണ്ടത്.. എവിടെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ജീവജാലങ്ങളുടെ പറുദീസ… കുളയട്ടയാരുന്നു ഒരു പ്രധാന വില്ലൻ… ചോരയൂറ്റികുടിക്കാൻ വെമ്പി നിൽക്കുന്ന പിശാചുക്കളെ പോലെയാണെങ്കിലും, ഈ ജീവജാലങ്ങൾക്കൊരോന്നും ഗുണങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത്, കുളയട്ടയിൽ നിന്നുള്ള ഒരു കടി കിട്ടിയതിനു ശേഷമാണ്…ഒരു ചെറിയ നീറ്റൽ ഉണ്ട്…ചില രോഗങ്ങൾക്ക് ഇവ ഒരു നല്ല മരുന്നാണത്രേ… അതുകേട്ടതും പിന്നെ പേടിയില്ലാതായി… എന്നിരുന്നാലും ഉപ്പ് കയ്യിൽ കരുതി… ഇവയെ പ്രതിരോധിക്കാനാണ്…

അങ്ങനെ കാട്ടിലെ ഭക്ഷ്യയോഗ്യമായ ഇലകളും, നെല്ലിക്കയും, ചെറിയ കായ്കളും ഒക്കെ കഴിച്ചു കൊണ്ട് യാത്ര തുടർന്നു… നല്ല കയറ്റമാണ്… വഴികൾ എല്ലാം ഇടിഞ്ഞും…ചെറിയ പാറക്കെട്ടുകൾ ഉള്ളതുകൊണ്ട് തന്നെ തളർന്നുപോകുമെന്നുള്ളത് കൊണ്ട് പ്രകൃതി തന്നെ ഒരുക്കിയ ഇരിപ്പിടങ്ങളും , ചെറിയ ചോലകളും, മേൽപറഞ്ഞതുപോലെ കായ്കളുമൊക്കെ സുലഭം… കാട് പെട്ടെന്ന് തന്നെ വല്ലാണ്ട് അടുക്കാൻ തുടങ്ങി… എന്റെ ഹൃദയത്തിലാകെ പച്ചനിറം പടർന്നു എന്ന് പറയാമല്ലോ…

കുന്തിപുഴ കുതിച്ചൊഴുകുകയാണ്…അതിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ഇരുമ്പു പാലമുണ്ട്.. നല്ല നീളമുള്ള ഒന്ന്… കയറിനിന്നാൽ ഒരു ചെറിയ കുലുക്കം…താഴേക്ക് നോക്കിയാൽ തലയിലൂടെ ഒരു ചെറിയ മിന്നൽപ്പിണർ..
ആദ്യം. മടിച്ചു നിന്നെങ്കിലും പിന്നെ അവിടെ നിന്ന് മടങ്ങാൻ എല്ലാവരും എന്നെ എടുത്തോണ്ട് വരേണ്ടിവന്നു…

കാടിന്റെ സൗരഭം നമ്മൾ പുറത്തുനിന്നു പറയുന്നതിനെക്കാളും അതിവിശാലമാണെന്നും , അനന്തമാണെന്നും മനസ്സിലാക്കി തരുന്നതായിരുന്നു ആ യാത്ര..
യാത്രകൾ നിലയ്ക്കുന്നില്ല…. ഈ യാത്ര കാടിന്റെ സ്പന്ദനങ്ങളും… നല്ല ഒരുപാട് സൗഹൃദങ്ങളും നൽകിയാണ് വിടചൊല്ലിയത്…സൈലന്റ് വാലിയിലൂടെ നടക്കുന്ന ആ സമയം ഞാൻ വളരെ സംതൃപ്തമായി നിന്നതോർക്കുന്നു…. ആ പച്ചപ്പിന്റെ സുഗന്ധവും..ശുദ്ധമായ വായുവും…തെളിഞ്ഞ ആകാശവും… സ്വതന്ത്രത്തിന്റെ, സന്തോഷത്തിന്റെ പുതിയലോകത്തേക്ക് എത്തിയത് പോലെയൊരു ശാന്തത നൽകി ഓർമകളിലേക്ക് മറഞ്ഞുപോയിരുന്നു…

HAPPINESS

Happiness/സന്തോഷം, ആനന്ദം… ജീവിതയാത്രയിൽ നമുക്കൂർജമായി ഭവിക്കുന്ന ഒന്ന്… സന്തോഷമായി ഇരിക്കുക എന്നതൊരു സാഫല്യമാണ്. ഭാവി, ഭൂത കാലങ്ങളിലൂടെയുള്ള മനസ്സിന്റെ തേരോട്ടം വ്യതിചലിപ്പിച്ച് വർ്ത്തമാനകാലത്തിന്റെ ദുഃഖങ്ങള്ക്കും അടിമപ്പെടാതെ സന്തോഷത്തെ കണ്ടെത്തുക എന്നത് ഈ കാലഘട്ടത്തിൽ അനിവാര്യമായതാണ്..

കോവിഡ് മഹാമാരി ഭൗതികവും മാനസികവുമായി മനുഷ്യകുലത്തെ അത്രമേൽ പ്രഹരിക്കുന്ന ഈ വേളയിൽ..വീടിനുള്ളിലെ നാലുചുവരുകൾക്കുള്ളിൽ..tv യുടെയോ മൊബൈൽ ഫോൺന്റെയോ സ്ക്രീനിൽ നമ്മൾ ഒതുങ്ങിപോകുമ്പോഴും സന്തോഷമെന്നതിനെ നിസാരവത്കരിക്കരുത്. മാനസികാരോഗ്യത്തെ നേടിയെടുക്കാൻ ഏത് പരിതസ്ഥിതിയിലും സന്തോഷമായി ഇരിക്കുക അത്യന്താപേക്ഷികമാണ്.. എന്തിനും പരിഹാരമുണ്ട് എന്ന് പറയുന്നതുപോലെ സന്തോഷത്തെ സ്വായത്തമാക്കുവാനും ഉപാധികളുണ്ട്.. അവയെ നമുക്ക് പരിചയപ്പെടാം

Happiness journal എഴുതാൻ ആരംഭിക്കാം.. ഓരോ ദിവസവും ഒരു ചെറുപുഞ്ചിരിയെങ്കിലും മനസ്സിലുളവാക്കിയ സന്ദർഭം കുറിച്ചുവെക്കാം..അതിലൂടെ മറഞ്ഞിരിക്കുന്ന സന്തോഷത്തെ  മാടിവിളിക്കാം..

Gratitude jar, നന്ദി പ്രകടമാക്കുവാനുള്ള വേറിട്ട രീതി..ഓരോ ദിവസവും നിങ്ങളിൽ നന്ദിയുണർത്തിയ  വ്യക്തികളോടുള്ള കടപ്പാട് ചെറിയ പേപ്പറിൽ കുറിച്ച് ജാറിൽ സൂക്ഷിക്കാം.. നന്ദി മനോഭാവം സ്വാർത്ഥ താൽപര്യങ്ങളെ മനസ്സിൽ നിന്ന് പിഴുതെറിഞ്ഞ് സന്തോഷത്തിന്റെ വിത്തുകൾ പാകുന്നു..

അഭിനന്ദിക്കുക.. മനസിന്റെ ഉള്ളിൽ നിന്ന്.. ആത്മാർത്ഥമായി, അതിലൂടെ നമുക്കനുഭവപ്പെടുന്ന പ്രസന്നത എങ്ങിനെയാണ് വിവരിക്കുക..? മറ്റുള്ളവരെ  അഭിനന്ദിക്കുവാനും, പ്രശംസിക്കുവാനും പഠിക്കാം..

 ഒരിത്തിരിനേരം പ്രകൃതിയുടെ സ്പന്ദനങ്ങളെ അറിയുവാനായി ആ മടിതട്ടിലേക്കിറങ്ങി ചെല്ലുക.. നീലാകാശവും സൂര്യനും,ചന്ദ്രനും, നക്ഷത്രങ്ങളും നിറഞ്ഞ ഭൂമിയുടെ മനോഹാരിതയിലേക്ക് പത്തുചുവടുകൾ മുന്നോട്ടുവെക്കുമ്പോൾ തന്നെ മനസ്സ് സന്തോഷഭരിതമാകുന്നത് തിരിച്ചറിയുവാൻ സാധിക്കും..

പലപ്പോഴും ചിന്തിക്കാറുണ്ട്…മലയും മരവും  ഇലയും നൽകുന്ന ഒരു സൗഖ്യമുണ്ട്..ആ പച്ചനിറത്തിലാവാഹിച്ച എന്തോ ഒരു ആകർഷണം അത് മനുഷ്യകുലം എത്ര പരിണമിച്ചെന്നാലും പ്രകൃതിയുടെ ആകർഷണത്തിൽ ഉന്മാദരായവർക്ക് സന്തോഷം ഒരിക്കലും അന്യമാവുകയില്ല..

പൂന്തോട്ടത്തിലെ ചെടിയിൽ തളിരിട്ട മുകുളങ്ങളെ തലോടി അതിനൊരു നറുചുംബനം നൽകി നോക്കു…. വൃക്ഷത്തെ അത്യധികം സ്നേഹത്തോടെ ആലിംഗനം ചെയ്തു നോക്കു…ഒരു പ്രകൃതി സ്നേഹി എന്ന നിലയിൽ പറയട്ടെ… വർണ്ണിക്കാൻ ആവതില്ല ആ അനുഭവം… ശാന്തമാണ് ..സുഖകരമാണ്…

കത്തെഴുതാം.. ജീവിതത്തിലെവിടെവെച്ചോ അടർന്നുപോയ ബന്ധങ്ങളെ തിരികെ ആനയിക്കാം…കത്തുകളിലൂടെ..മാധുര്യമുണർത്തുന്ന വാക്കുകളിലൂടെ…പിണക്കങ്ങൾ ഇണക്കങ്ങളായി മാറുമ്പോൾ  മനസ്സ് ആകുലതകളില്ലാതെ ശാന്തമാവുന്നു..

ഈ കോവിഡ് കാലഘട്ടത്തിൽ സന്തോഷത്തെ സ്വ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ , മനസ്സിനെ മെരുക്കിയെടുക്കുവാൻ ജീവിതക്രമത്തിനു ഇത്തരത്തിലൊരു മാറ്റം അവലംബിച്ചു നോക്കു… സന്തോഷം നിങ്ങൾക്കരികിൽ തന്നെയുണ്ട്…

StandwithLGBTQ Community

LGBTQ+ കമ്മ്യൂണിറ്റിയെപറ്റി അറിയാത്തവർക്കായി ഒരു ചെറു ലേഖനം ചുവടെ ചേർക്കുകയാണ്… ആണും പെണ്ണും എന്ന പൊതുസങ്കല്പത്തിൽ നിന്ന് വിപരീതമായി ചിന്തിച്ചു തുടങ്ങിയിരുന്നെങ്കിൽ, അവരെയും അംഗീകരിച്ചിരുന്നുവെങ്കിൽ അനന്യമാർ ജീവിച്ചേനെ… അവരുടെ പാതുകങ്ങൾ കുറെ പേർക്ക് പ്രചോദനമായേനെ…മനുഷ്യരെ തിരയൂ…എല്ലാവരിലും… Dr Shanavas sir ഒരുപാട് സ്നേഹം ഇത്തരത്തിൽ എല്ലാം വിശദീകരിച്ചുള്ള ലേഖനം എഴുതിയതിനു… ഇതിലൂടെ സമൂഹത്തിൽ നല്ല ഒരു മാറ്റം ഉണ്ടാകട്ടെ…

“കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി ആദ്യം കുറച്ചു വാക്കുകൾ പഠിക്കുക.

⭕️ LGBTQ

ലെസ്ബിയൻ (Lesbian), ഗേ (Gay), ബൈ സെക്ഷ്വൽ (Bisexual) , ട്രാൻസ്‌ ജെൻഡർ (Transgender) , ക്വീർ (Queer) എന്നതിന്റെ ചുരുക്കപേരാണ്.

👉 ലെസ്ബിയൻ (Lesbian) — ഒരു പെണ്ണിനു പെണ്ണുങ്ങളോട് മാത്രം വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം തോന്നുന്നത്.

👉 ഗേ (Gay) — ഒരാണിനു ആണുങ്ങളോട് മാത്രം വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം തോന്നുന്നത്.

👉 ബൈ സെക്ഷ്വൽ (Bisexual) — ഒരു വ്യക്തിക്ക് ആണിനോടും പെണ്ണിനോടും വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം തോന്നുന്നത്.

👉 ട്രാൻസ്‌ ജെൻഡർ (Transgender).

🔺ഒരാൾ ജനിക്കുമ്പോൾ ആ വ്യക്തിയുടെ ലിംഗം നോക്കിയാണ് ആ വ്യക്തിയുടെ ജെൻഡർ തീരുമാനിക്കുന്നത്.

🔺പക്ഷേ പിന്നീട് വളരുമ്പോൾ ആ വ്യക്തി സ്വയം എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ച് അവരെ സിസ് എന്നും ട്രാൻസ് എന്നും വിളിക്കും.

🔺 ഒരാളുടെ ജനന സമയത്തെ ജെൻഡർ തന്നെയാണ് ആ വ്യക്തി വളരുമ്പോഴും സ്വീകരിക്കുന്നത് എങ്കിൽ അവരെ സിസ് ജെൻഡർ എന്ന് വിളിക്കുന്നു.

ഉദാഹരണത്തിന്

ജനിക്കുമ്പോൾ ലിംഗം നോക്കി ആണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോഴും ആണ് ആയിട്ട് തന്നെ സ്വയം ഐഡന്റിഫൈ ചെയ്‌താൽ അവർ സിസ് മെയിൽ.

ജനിക്കുമ്പോൾ ലിംഗം നോക്കി പെണ്ണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോഴും പെണ്ണ് ആയിട്ട് തന്നെ സ്വയം ഐഡന്റിഫൈ ചെയ്‌താൽ അവർ സിസ് ഫീമെയിൽ.

🔺 ഒരാളുടെ ജനന സമയത്തെ ജെൻഡറിന് എതിരെയുള്ളതാണ് ആ വ്യക്തി വളരുമ്പോൾ സ്വീകരിക്കുന്നത് എങ്കിൽ അവരെ ട്രാൻസ് ജെൻഡർ എന്ന് വിളിക്കുന്നു.

ഉദാഹരണത്തിന്

ജനിക്കുമ്പോൾ ലിംഗം നോക്കി ആണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോൾ തന്നെ സ്വയം ഐഡന്റിഫൈ ചെയ്യുന്നത് പെണ്ണ് ആയിട്ടാണെങ്കിൽ അവർ ട്രാൻസ് ഫീമെയിൽ.

ജനിക്കുമ്പോൾ ലിംഗം നോക്കി പെണ്ണ് എന്ന് ഐഡന്റിഫൈ ചെയ്യപ്പെട്ടവർ വളരുമ്പോൾ തന്നെ സ്വയം ഐഡന്റിഫൈ ചെയ്യുന്നത് ആണ് ആയിട്ടാണെങ്കിൽ അവർ ട്രാൻസ് മെയിൽ .

👉 ക്വീർ ( Queer) — തന്റെ സെക്ഷ്വൽ ഒറിയന്റേഷൻ (ലൈംഗിക ആകർഷണം) ആരോടാണ് എന്ന് വെളിപ്പെടുത്താൻ താല്പര്യമില്ലാത്തവരെയും ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്താൻ താല്പര്യമില്ലാത്തവരെയും ഒരു കുടക്കീഴിലക്കുന്ന പദമാണ് ഇത്.

💢 ജെൻഡർ നോൺ ബൈനറി (Gender Non binary) — ക്വീർന് ( Queer) പകരം ഉപയോഗിക്കാറുള്ള, അതേ അർത്ഥത്തിൽ ഉള്ള ഒരു പദം.

💢 ജെൻഡർ ബൈനറി (Gender binary) — ആണും പെണ്ണും എന്ന 2 ജെൻഡറുകൾ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവർ.

💢 ഇന്റർസെക്സ് (Intersex) — ആണ്, പെണ്ണ് എന്ന് കൃത്യമായി ലിംഗം കൊണ്ട് വേർതിരിക്കാൻ പറ്റാത്ത ആൾക്കാർ.

പ്രഥമ ദൃഷ്ടിയാൽ ശാരീരികമായി പെണ്ണെന്ന് അല്ലെങ്കിൽ ആണെന്ന് തോന്നുമെങ്കിലും, പെണ്ണിന്റെയും ആണിന്റെയും ചില ശരീരഭാഗങ്ങൾ ഉണ്ടാകും.

ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ 1.7% ആളുകൾ ഇന്റർസെക്സ് (Intersex) ആണ്.

💢 ജൻഡർ ഫ്ലൂയിഡ് ( Gender fluid )

ഒരാളുടെ ജൻഡർ ഐഡന്റിറ്റി ജീവിതകാലം മുഴുവൻ ഒരെണ്ണം തന്നെ ആകണമെന്നില്ല. ചെറുപ്പത്തിൽ പെണ്ണും വളരുമ്പോൾ ആണും വാർധക്യത്തിൽ പെണ്ണും ഒക്കെയായി ജൻഡർ ഐഡന്റിറ്റി മാറിമറിയാം. ഇതിനെയാണ് ജൻഡർ ഫ്ലൂയിഡിറ്റി എന്നു വിളിക്കുന്നത്. ആണും, പെണ്ണുമായി മാത്രമാണ് മാറുന്നതെങ്കിൽ ഇവരെ ബൈ-ജൻഡർ എന്നു വിളിക്കുന്നു.

💢 സ്ട്രൈറ്റ് (Straight )/ ഹെറ്ററോസെക്ഷ്വൽ (heterosexual) — വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം വിപരീത ജെൻഡറിനോട് മാത്രം തോന്നുന്നത് . അതായത് ആണുങ്ങൾക്ക് പെണ്ണുങ്ങളോടും പെണ്ണുങ്ങൾക്ക് ആണുങ്ങളോടും തോന്നുന്നത്.

💢 ഹോമോ സെക്ഷ്വൽ (Homosexual ) വൈകാരികമായും ശാരീരികമായും ലൈംഗികമായും ആകർഷണം സ്വന്തം ജെൻഡറിനോട് മാത്രം തോന്നുന്നത്.

💢 എസെക്ഷ്വൽ ( Asexual ) ശാരീരികമായും ലൈംഗികമായും ആരോടും ആകർഷണം തോന്നാത്തവർ.

💢 എജൻഡർ (Agender) — ആണോ പെണ്ണോ ആയി സ്വയം തോന്നാത്തവർ.

❓️ എന്താണ് ഇപ്പോൾ പ്രശ്നമായിട്ടുള്ളത് ❓️

✴️ സെക്ഷ്വൽ റീ അസൈൻമെന്റ് സർജറി ( Sexual reassignment surgery) അഥവാ സിമ്പിൾ ആയി പറഞ്ഞാൽ ലിംഗ മാറ്റ ശസ്ത്രക്രിയ ആണ് പ്രശ്നമായിട്ടുള്ളത്.

ഓർക്കുക, 100% ഉറപ്പോടെ ചെയ്യാവുന്ന ഒരു ചികിത്സയും മോഡേൺ മെഡിസിനിൽ ഇല്ല . മാത്രമല്ല 100% ഫലപ്രാപ്തി ഉറപ്പ് പറഞ്ഞ് ചികിത്സിക്കുന്നത് അടിസ്ഥാന മെഡിക്കൽ എത്തിക്സിന് വിരുദ്ധവുമാണ്. ഇങ്ങനെ 100 % ഫലപ്രാപ്തി എന്നത് മോഹനൻ നായരും ജേക്കബ് വടക്കാഞ്ചേരിമാരെയും പോലുള്ള ഉഡായിപ്പന്മാർ പയറ്റുന്നതാണ്.

അത് കൊണ്ട് തന്നെ ലിംഗ മാറ്റ ശസ്ത്രക്രിയയിലും ‘100 % ഫലപ്രാപ്തി’ എന്നൊന്നില്ല.

100% ഫലപ്രാപ്തി ഓപ്പറേഷന് മുൻപ് ഗ്യാരന്റി നൽകുക എന്നത് ഒരു സാധാരണ ഒപി പ്രോസജിയർ ആയ ഹെർണിയ സർജറിക്ക് പോലും സാധ്യമല്ല. അപ്പോൾ പിന്നെ പിന്നെങ്ങനെയാണ് ഇത്തരം കോംപ്ലക്സ് ആയിട്ടുള്ള ലിംഗ മാറ്റ ശസ്ത്രക്രിയകൾക്ക് അത് പറ്റുക?

ഓർക്കുക, ലിംഗ മാറ്റ ശസ്ത്രക്രിയ എന്നത് ഒരു മൾട്ടി ഡിസിപ്ലിനറി സർജറിയാണ് — ഉദര രോഗ ശസ്ത്രക്രിയ വിദഗ്ധൻ, യൂറോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ തുടങ്ങി ഒരു കൂട്ടം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരു ടീം ആണ് ഇത് സാധാരണ ചെയ്യുന്നത്.

മാത്രമല്ല ഒരാൾക്ക് ലിംഗ മാറ്റ ശസ്ത്രക്രിയ വഴി കിട്ടിയ മോർഫോളജിക്കൽ ലുക്ക് വേറൊരാൾക്ക് സർജറി ചെയ്യുമ്പോൾ കിട്ടണം എന്നില്ല.

ഈ ശസ്ത്രക്രിയകൊണ്ട് കാഴ്ചയിൽ മാറ്റം വരുത്താമെന്നല്ലാതെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനം ഒരിക്കലും ഉണ്ടാവുന്നില്ല.

✴️ ഇന്റർസെക്സിന് അല്ലാതെ ട്രാൻസ് ജെൻഡറിന് ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യുമ്പോൾ ആണ് കൂടുതൽ പ്രശ്നങ്ങൾ കണ്ടു വരുന്നത്.

❓️ട്രാൻസ് ജെൻഡറുകളെ സമൂഹം അങ്ങനെ തന്നെ അംഗീകരിക്കുകയല്ലേ വേണ്ടത്❓️

❓️ അതല്ലേ ശരി❓️

❓️സമൂഹത്തിന്റെ ശരികൾ ( ആണും പെണ്ണും മാത്രമേ ഉള്ളൂ എന്നുള്ള തെറ്റായ ചിന്തകൾ) അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അല്ലെ മിക്കവാറും ട്രാൻസ് ജെൻഡറുകൾ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പോകുന്നത് ❓️

✴️ ഓർക്കുക, ഈ സർജറിയോട് കൂടി എല്ലാം തീരുന്നില്ല. ഇതിന് മുൻപും ശേഷവും ഹോർമോൺ ചികിത്സയും സപ്പോർട്ടീവ് ചികിത്സയും ആവശ്യമാണ്, മിക്കവാറും ജീവിതകാലം മുഴുവനും. അതിന് നല്ല ചിലവുമുണ്ട്.

✴️ ഇപ്പോൾ ആത്മഹത്യ ചെയ്ത അനന്യ കുമാരി അലക്സിന് ചെയ്ത ശസ്ത്രക്രിയ മനസ്സിലായടത്തോളം colovaginoplasty ആണ്.

ആദ്യം പുരുഷ ലൈംഗിക അവയവം നീക്കം ചെയ്യന്നു. ശേഷം വൻ കുടലിന്റെ അറ്റത്തെ ഭാഗം ഒരു കുഴൽ പോലെ രക്തയോട്ടം നഷ്ടപ്പെടാതെ മുറിച്ചെടുക്കുന്നു. പിന്നീട് ഇത് ഉപയോഗിച്ച് കൃത്രിമമായി യോനി അഥവാ വജൈന നിർമിക്കുന്നു.

വൻ കുടൽ മുറിക്കുക എന്നത് വളരെ കോംപ്ലികേഷൻസ് ഉള്ള ഓപ്പറേഷൻ ആണ്. മുറിച്ച ഭാഗത്ത് ചിലപ്പോൾ ലീക്ക് വരാം, ഇൻഫെക്ഷൻ വരാം, ചിലപ്പോൾ അടവ് വരാം. ചിലപ്പോൾ മരണം തന്നെ സംഭവിച്ചേക്കാം.

ഇനി വൻകുടലിന്റെ രക്തയോട്ടം നഷ്ടപ്പെടാതെ മുറിച്ചെടുത്ത ഭാഗം കൊണ്ട് യോനി അഥവാ വജൈന ഉണ്ടാക്കുമ്പോഴും കോംപ്ലികേഷൻസ് വരാം. ചിലപ്പോൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പാർശ്വഫലങ്ങൾ വരാം.

നമ്മൾ കഴിക്കുന്ന ആഹാരം ദഹിച്ചതിന് ശേഷം മലദ്വാരത്തിൽ എത്തിക്കുന്ന ജോലിയാണ് വൻ കുടലിന്. ഇതിന് വേണ്ടി മ്യൂകസ് ( mucus ) എന്ന ഒരു കൊഴുത്ത ദ്രാവകം കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് .

അത് കൊണ്ട് ഈ കുടൽ ഭാഗം മുറിച്ച് മാറ്റി ഉണ്ടാക്കിയ യോനിയിലും ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടാം . അത് നിരന്തരം നീക്കം ചെയ്യണം. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈ മ്യൂക്കസ് അവിടെ അടിഞ്ഞുകൂടി ദുർഗന്ധവും ഇൻഫെക്ഷനും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

✴️ അതായത് ഇത്തരം ശസ്ത്രക്രിയകൾ എടുപിടി എന്ന് ചെയ്യാതെ, വേണ്ടത്ര മാനസിക തയ്യാറെടുപ്പ് രോഗിക്ക് ഉണ്ടെന്ന് ഉറപ്പാക്കി, അതിന് വേണ്ട കൗൺസലിംഗ് രോഗിക്ക് നൽകി, അതിന്റെ വരുംവരായികകൾ പറഞ്ഞു മനസ്സിലാക്കി മാത്രമേ ചെയ്യാവൂ.

✴️ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് (organ transplantation ) ഉള്ളത് പോലെ സെക്ഷ്വൽ റീ അസൈൻമെന്റ് സർജറി ( Sexual reassignment surgery) അഥവാ ലിംഗ മാറ്റ ശസ്ത്രക്രിയകൾക്കും നിയന്ത്രണങ്ങളും ഗൈഡ് ലൈൻസും സർക്കാർ ഇടപെട്ട് കൊണ്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

✅️ പറഞ്ഞു വന്നത് ഒരു വര വരച്ചു തരം തിരിക്കാൻ പറ്റുന്ന ഒന്നല്ല ജൻഡറും സെക്ഷ്വൽ ഒറിയന്റെഷനും . അത് വളരെ വളരെ സങ്കീർണ്ണവും വിപുലവുമായ ഒരു ബാസ്കറ്റ് ആണ്. തീർത്തും വൈവിദ്ധ്യം നിറഞ്ഞ ഒരു സ്‌പെക്ട്രമാണിത്. ആണ് എന്നതും പെണ്ണ് എന്നതും ഈ സ്‌പെക്ട്രത്തിന്റെ രണ്ട് അറ്റത്തുള്ള രണ്ട് കാര്യങ്ങൾ മാത്രമാണ് .

ഓർക്കുക, ട്രാൻസ് എന്ന വാക്ക് മാത്രം മതിയായിരുന്നു. പക്ഷേ അങ്ങനെ ഉപയോഗിക്കുമ്പോൾ ഇക്കൂട്ടർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് പബ്ലിക് കരുതിയാലോ എന്ന് വിചാരിച്ചാണ് സിസ് എന്ന പദം പോലും കൊണ്ട് വന്നത്. അത്ര മേൽ ശ്രദ്ധയാണ് ഇക്കൂട്ടരോട് മെഡിക്കൽ കമ്മ്യൂണിറ്റി കാണിക്കുന്നത്.

ആണ്, പെണ്ണ് ഒഴിച്ച് ബാക്കിയുള്ളതിനെയെല്ലാം അറിവില്ലായ്‌മ കാരണം നമ്മുടെ സമൂഹം നിഷേധിക്കുകയാണ് ചെയ്യുന്നത് . ഇതിനെ കുറിച്ച് മനസ്സിലാക്കാത്ത സമൂഹം അവരോട് ചെയ്‌തു കൂട്ടുന്ന ദ്രോഹവും ചില്ലറയൊന്നുമല്ല.

ഒന്നൂടെ പറയാം സ്വവർഗ്ഗാനുരാഗം പോലുള്ളവയൊന്നും ഒരു രോഗമല്ല, മറിച്ച് അവ ലൈംഗികതയുടെ വ്യത്യസ്‌ത നിറങ്ങൾ മാത്രമാണ്, മഴവില്ലിന്റെ നിറങ്ങൾ പോലെ.

LGBTQ കമ്മ്യൂണിറ്റിയും മനുഷ്യരാണ്. അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട്, എന്നെയും നിങ്ങളെയും പോലെ.

standwithLGBTQcommunity.

✍️✍️✍️Dr Shanavas AR

അർദ്ധജീവൻ

ചവർപ്പുള്ളതും തരുതരുപ്പുള്ളതുമായ എന്തോ ഒന്ന്, ഉമിനീരുമായി കലർന്ന് അസഹനീയമായ ഈർച്ചകേടുണ്ടാക്കി തലച്ചോറിലെ പഴുതുകളിലൂടെ കടന്നുപോയി. ഒന്നാഞ്ഞ് തുപ്പാനെന്നോണം ചലിപ്പിച്ച ശരീരം കഴിഞ്ഞ രണ്ട് മണിക്കൂറായി നിശ്ചലമായിരുന്നു എന്ന് മനസ്സിലാക്കിയത് ,ഹൃദയഭാഗം വരെയും മൂടപ്പെട്ടിരിക്കുന്ന കെട്ടിടഅവശിഷ്ടങ്ങളേയും പൊടിപടലങ്ങളെയും കണ്ടപ്പോഴാണ്.. രക്തക്കറ പുരണ്ട കൈകളിൽ അവശേഷിക്കുന്നത് ഇപ്പോൾ രണ്ട് വിരലുകൾ മാത്രം. ചോര ഊറി ഒലിക്കുന്ന മുറിഞ്ഞുപോയ കൈവിരലുകളിൽ മണൽതരികൾ പറ്റിപ്പിടിച്ച് വ്രണപ്പെടുന്നതിനു മുൻപേ രക്ഷപ്പെടണം. പക്ഷെ കാലുകൾ ചലിക്കുന്നില്ല, ഈ കൂനക്കടിയിൽ പെട്ട് അവയും വേർപെട്ടുവോ…. ഇല്ലാ..അങ്ങനെ സംഭവിക്കില്ല…
കണ്ണുനീർ പൊഴിച്ചാൽ മുറിവുകളിൽ നീറ്റൽ പടരും , തൊണ്ടക്കുഴിയിൽ നോവങ്ങനെ എരിഞ്ഞടങ്ങിനിന്നു..
അതികഠിനമായ ചൂട്… കൈരോമങ്ങളിൽ മുളപൊട്ടിയ വിയർപ്പു കണികകളെ നക്കിതുടച്ച് ദാഹമകട്ടുമ്പോൾ ഒരുനിമിഷം ഗതികെട്ട ജീവിതമായി മാറുകയായിരുന്നു…മിസൈലുകൾ തലങ്ങും വിലങ്ങും കെട്ടിടങ്ങളെ നാമാവശേഷമാക്കികൊണ്ട് , ആയിരങ്ങളുടെ ജീവൻ അപഹരിച്ചുകൊണ്ട് പതിക്കുന്നുണ്ട്…കണ്ണുകൾ അടക്കാം… അബോധാവസ്ഥയിൽ ഞാൻ സന്തോഷവാനായിരുന്നു…

കരുതൽ

14 വയസ്സിന്റെ അറിവില്ലായ്മയിലും , കുട്ടിത്തത്തിലുമായി നടക്കുന്ന പ്രായം… ഭാവിചിന്തകളെ പത്താം ക്ലാസ് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്ന അനുമാനത്തിൽ പൂട്ടിവച്ചിരുന്ന സമയത്താണ് അന്നത്തെ പത്തനംതിട്ട ജില്ലാകളക്ടർ ആയിരുന്ന  ‘എസ്.ഹരികിഷോർ’ സർ ജില്ലയിലെ പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടി  ആവിഷ്കരിച്ച  INSIGHT എന്ന പ്രോഗ്രാമ്മിനു തുടക്കം കുറിക്കുന്നത്…ഇതിനിടയിൽ ഒരുപാട് സംഭവവികാസങ്ങളുണ്ടായെങ്കിലും അവയുടെ എല്ലാമൊരു  രത്നചുരുക്കം  പറയാം…പ്രോഗ്രാമിനെ കുറിച്ച് ആദ്യമറിഞ്ഞപ്പോൾ തന്നെ പോകുന്നില്ല എന്ന് വാശിപിടിച്ചു കരഞ്ഞത്..ചിലപ്പോൾ പോയില്ലാരുന്നെങ്കിൽ എന്നേക്കുമായി  ഒരു കൂട്ടം നല്ല ഓർമകൾ നഷ്ടപ്പെട്ടേനെ….

പ്രഗത്ഭരായ അനേകം വ്യക്തികളുടെ സാന്നിധ്യം…അനുഭവങ്ങളുടെ, യാഥാർഥ്യങ്ങളുടെ പ്രചോദനം നിറഞ്ഞ വാക്കുകൾ…  തികച്ചും വ്യത്യസ്തമായിരുന്നു ആ പ്രോഗ്രാം..അങ്ങനെ ഒരിക്കൽ ഞങ്ങൾ 100 പെൺകുട്ടികൾക്കുമായി ചെറിയ ഒരു ടാസ്‌ക് നൽകുകയുണ്ടായി…ആശപ്രവർത്ത കരുടെ ജോലി അല്ലെങ്കിൽ സർവേ ഞങ്ങൾ ഏറ്റെടുക്കുക എന്നതായിരുന്നു കർത്തവ്യം..പഞ്ചായത്തിലുള്ള വയോധികർക്കും , അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്കും, മാനസികവൈകല്യം നേരിടുന്നവർക്കും  ആനുകൂല്യങ്ങൾ  ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം…സർവേ ആരംഭിച്ചു , കളക്ട്രേറ്റിൽ നിന്ന് എവിടെയാണ് പോകേണ്ടതെന്ന ലിസ്റ്റ് നൽകിയിരുന്നു.. ശേഷം പഞ്ചായത്തിൽ നിന്ന് വിലാസം ശേഖരിച്ചു യാത്ര ആരംഭിച്ചു…അങ്ങനെ ഒരു അനുഭവം ആദ്യമായി അറിയുകയായിരുന്നു ഞാൻ… ദുർബലരായവരെ സഹായിക്കണം …അവരെ മാതൃകയാക്കണം…എന്നൊക്കെ വാക്കുകളിൽ മാത്രം കേട്ടിരുന്നതിൽ നിന്നും അവരുടെ ജീവിതങ്ങളിലേക്കുള്ള പ്രയാണം പലപ്പോഴും ദുഃഖത്തിന്റ് തീക്കനലിൽ വെന്തുപോകുമോ എന്ന് ഞാൻ ഭയപ്പെട്ടു…

ഇരുട്ടുമുറിയിൽ തനിച്ചു …നഗ്‌നയായി… ഭ്രാന്തിയെ പോലെ…ആ രൂപം ഞാൻ ഒരിക്കലും മറക്കില്ല..അവിടെ ചെല്ലുമ്പോൾ പ്രായം ചെന്ന മാതാപിതാക്കൾക്ക് പറയുവാൻ ആവലാതികൾ മാത്രം….യാത്രപറഞ്ഞു ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി ഞാൻ അവരെ ശ്രദ്ധിച്ചു… തന്റെ വികാരങ്ങളെ ശമിപ്പിക്കുവാൻ നിലത്തു വീണുകിടക്കുന്ന ചോറുമണികളെ അലർച്ചയോടെ വാരി എറിയുകയായിരുന്നു…ഹൃദയഭേദകയിരുന്നു ആ കാഴ്ച….

അച്ഛനും അമ്മയും ഇല്ലാത്ത രണ്ട് കുട്ടികൾ …പഠനത്തിൽ മിടുക്കർ.. ദൈന്യഭാവത്തിൽ എന്നെ നോക്കി നിന്ന അവർ  പറഞ്ഞത് ഇത്രമാത്രം… ജീവിതം ഉപേക്ഷിക്കണമെന്ന് തോന്നിയിരുന്നു… പക്ഷെ ഞങ്ങളെ കരുതാൻ നിങ്ങളൊക്കെ ഒപ്പമുള്ളപ്പോൾ  സമൂഹത്തിനു വേണ്ടിയെങ്കിലും ജീവിക്കണം എന്നായി’…അവരെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചപ്പോൾ അപ്പോഴുണ്ടായ അനുഭൂതിയെ നിർവചിക്കുവാൻ വാക്കുകൾ അപ്രസക്തമായിരുന്നു..

ഈ അനുഭങ്ങളും , അവർക്ക് ലഭ്യമല്ലാത്ത ആനുകൂല്യവും കൂട്ടിച്ചേർത്തു ചെറു റിപ്പോർട്ട് എഴുതി collectratil കൊടുത്തു… അതിനുശേഷം അന്വേഷിച്ചപ്പോൾ മേൽപറഞ്ഞവർക്കെല്ലാം തന്നെ ആനുകൂല്യങ്ങളും ശുശ്രൂഷയും കിട്ടുന്നുണ്ട് എന്ന വാർത്തയറിഞ്ഞ് അത്യധികം സന്തോഷിച്ചു….

മികച്ച reportinu സമ്മാനവും നൽകുന്നുണ്ടായിരുന്നു… ഞങ്ങൾ 10 പേർക്ക് എഴുത്തുകാരൻ ബെന്യാമിൻ സർ ന്റെ കയ്യിൽ നിന്ന് സമ്മാനവും കിട്ടുകയുണ്ടായി…

ഓർമപുസ്തകത്തിൽ ഈ അനുഭവങ്ങൾക്ക് പ്രായം കുറച്ചുകൂടിയെങ്കിലും എവിടെയും രേഖപ്പെടുത്തിയിട്ടില്ലാരുന്നു….അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ മറ്റുള്ളവർക്കും നമ്മുടെ സമൂഹത്തിനെ കരുതാനുള്ള വെളിച്ചമാകട്ടെ  എന്ന രീതിയിൽ എല്ലാ അശരണർക്കുമായി ഈ കുഞ്ഞെഴുത്ത് ഞാൻ സമർപ്പിക്കുന്നു…..
കരുതണം…’കൂടെയുണ്ട്’ എന്ന വാക്കിൽ അവസാനിക്കും എല്ലാ പ്രശ്‌നങ്ങളും…

തൂലിക

ആരും തേടിവരാതെ അക്ഷരകൂട്ടങ്ങൾ പൊടിപിടിച്ച്..പഴമയുടെ ഗന്ധവും പേറി അനാഥമായിട്ട് കുറച്ചധികം നാളുകളായി എന്ന് വളരെ ദുഃഖത്തോടെ സ്മരിക്കുന്നു.. ഉപേക്ഷിച്ചിട്ടില്ല.. ഒരിക്കലും ഉപേക്ഷിക്കുകയുമില്ല…


‘മരുഭൂവിൽ നിലക്കാതെ പെയ്ത മഴയുടെ അനുഭൂതി , ഇന്ന് വിദൂരമെങ്കിലും..ഞാൻ അറിയുന്നു.. നീ കരുതിവച്ചിരിക്കുന്ന നിധിയുടെ സാമീപ്യം’…❤

ജനനായകൻ

പത്തനംതിട്ടയുടെ ജനമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി , ഒരു ജനനായകന്റെ ചൂരും ,ചുവടും  എങ്ങനെയാകണമെന്ന് കാട്ടിത്തന്ന  പി. ബി നൂഹ് സർ ന് ,            കളക്ടർ സ്ഥാനമൊഴിയുമ്പോൾ ഞങ്ങൾക്ക് നൽകുവാൻ  കുറച്ച് സ്നേഹവാചകങ്ങൾ മാത്രമാണ് പക്കൽ…ഏറ്റവും സ്വാധീനിച്ച ഒരു സംഭവവികാസം അങ്ങേക്കായി കവിതയിലൂടെ സമർപ്പിക്കുന്നു..

“എല്ലാം ശരിയാകും എന്ന പല്ലവി കേട്ട് പൊരുത്തപ്പെട്ട്…
കൂടും കിടക്കയും ചോർന്നൊലിയാതെ ബദ്ധപ്പെട്ട്…
വയറിൻ പശി മാത്രം ഒടുക്കുകയെന്ന മട്ടിൽ ..
പണത്തിന് ആർത്തിയില്ലാതെ , കാടിന്റെ മക്കൾ ദിനങ്ങളെണ്ണിയകലുമ്പോൾ…
ഒരു ദിനം മുഴങ്ങിയൊരു ശബ്ദം…
വയസ്സേറെ കഴിഞ്ഞിട്ടും അധികാരത്തിന്റെ ഭ്രമത്തിൽ വിവേകശൂന്യരായവരെ..!
നിങ്ങൾ ജനസേവകാരണെന്ന് മറന്നുപോയോ…?
ധർമ്മം ധൂർത്തായി മാറുകയോ..!
ജനനായകന്റെ ഉറച്ച ശകാരത്തിൽ നിലപാടുകൾ  നീതിയെ വരവേറ്റു…
ഉശിരോടെ അധർമ്മത്തെ ചോദ്യം ചെയ്ത ജനനായകാ…. നിങ്ങളിലെ  നന്മയും , കർമ്മവും എന്നും ഈ ജനമനസ്സുകളിൽ  ദീപനാളമായി നിലനിൽക്കും…..

Blessed❤

              
          
     

എന്റെ 2020

2020 മാർച്ച് മാസം, കോളേജിലെ അവസാന ദിനങ്ങളെണ്ണി പരീക്ഷാച്ചൂടിൽ പണിപാളിയിരിക്കുന്ന സമയം… കോളേജിലെ ആദ്യവർഷം മുതലെ എട്ടിന്റെ പണി കിട്ടിയതിന്റെ തുടർച്ചയായി (ഓഖി , പ്രളയം) അവസാന സെമസ്റ്റർ 6 മാസത്തിൽ നിന്നും വെറും രണ്ടര മാസമായി ചുരുക്കിയപ്പോൾ നിറയെ വേവലാധികളോടെ രാത്രിയും …പകലും യന്ത്രമനുഷ്യനെ പോലെയായി ജീവിതം…. റെക്കോർഡും , പ്രോജക്റ്റുമൊക്കെ ആഗ്രഹങ്ങളുടെ ഓരത്ത്നിന്ന് കളിയാക്കി ചിരിച്ചു…ചേച്ചിമാർ വളരെ വിശാലമായി ചെയ്ത് കണ്ടിരുന്ന ന്യൂട്രിഷൻ , textile, biochemistry ലാബുകൾ ഞങ്ങൾക്ക് നരകതുല്യമായും..കൂന കൂട്ടിക്കിടയ്ക്കുന്ന notes, ഞങ്ങൾക്ക് കടൽ പോലെ അനന്തമെങ്കിലും,മിസ്സുമാർക്ക് കൈകുടന്ന ജലം,  അതിൽ മുഴുവനും imp, p.v ,സ്റ്റാറുമൊക്കെ ചേർന്ന്  ഏതാണ്ട് ഒരു കുഴഞ്ഞ പരുവത്തിൽ..എവിടുന്ന് തുടങ്ങുമെന്നോ …എങ്ങനെ തുടങ്ങുമെന്നോ അറിയാതെ ചക്രവ്യൂഹത്തിൽ പെട്ടതുപോലെയായി അവസ്ഥ…

അറിയാവുന്നത് എഴുതിയാൽ മതി എന്ന മിസ്സുമാരുടെ വാക്കിൽ  മുറുകെപ്പിടിച്ച ശ്വാസമൊന്ന് അയഞ്ഞു..supply കൾക്ക് ഇനി പഞ്ഞമൊന്നുമുണ്ടാവില്ല എന്ന കളിവാക്കിലും മനസ്സിൽ ‘എന്റെ കൃഷ്ണാാ ജയിക്കാനുള്ള മാർക്ക് എങ്കിലും…’ എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് നമ്മുടെ കഥാ നായകന്റെ വരവ് …..പേര് കൊറോണ വൈറസ്

എക്‌സാമും  , കോളേജും , ഹോസ്റ്റലും,  എല്ലാം അവന്റെ വരവിൽ  മരവിച്ചുപോയി….സന്തോഷം കൊണ്ടെനിക്ക് നിൽക്കാൻ വയ്യേ എന്നൊക്കെയാരുന്നു… അന്നത്തെ ഭാഷ്യമെങ്കിൽ പതിയെ… ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ലോക്ക്ഡൗണും രോഗത്തിന്റെ ആധിക്യവും  തെല്ലൊന്നു തളർത്തി..

ടെക്നോളജിയെ ഇത്രയധികം ഉപയോഗിച്ച ഗൂഗിൾ ക്ലാസ്റൂമും, സൂമും ഒക്കെയായി പഠനം തകൃതിയായി…ഭാഗ്യമെന്നുപറയട്ടെ  അങ്ങേയറ്റം പേടിച്ചിരുന്ന ലാബ് എക്സാം തിയറി മാത്രമായി ഒതുങ്ങി…ജൂലൈ യിൽ എക്സാം അവസാനിച്ചിറങ്ങുമ്പോൾ  ഒരു തിരിഞ്ഞുനോട്ടം അസാധ്യമായിരുന്നു…  പക്ഷേ ചിലതൊക്കെ ബാക്കിയാക്കി ഞങ്ങൾ മടങ്ങുമ്പോൾ  ‘നിങ്ങൾക്ക് നല്ലൊരു രീതിയിൽ യാത്രയയപ്പ് നല്കിയില്ലലോ’ എന്ന മിസ്സുമാരുടെ ദൈന്യത്തിൽ  ‘നമുക്കിനിയും കാണാം’ എന്ന സ്നേഹവാചകം പകരം നൽകി വിടവാങ്ങി….

2020 ൽ വന്നെത്തിയ ഈ മഹമാരി നഷ്ടങ്ങളെ മാത്രം നിർണ്ണയിക്കുമ്പോൾ ,  ചില നന്മയുടെ മൊഴിമുത്തുകൾ  ഉത്ഥാനം ചെയ്യുവാനും സഹായകമായി എന്നത് പരമാർത്ഥം… 2021 ൽ അവയുടെ തുടക്കാമെന്നോണം നല്ല കാര്യങ്ങൾ സംഭവ്യമാകട്ടെ….
ഏവർക്കും പുതുവത്സരാശംസകൾ

മാസ്‌ക്

ഇരമ്പിയെത്തുന്ന തിരമാലകളെ വരവേൽക്കുവാൻ പാഞ്ഞെടുക്കുന്ന ഒരായിരം പാദങ്ങൾ ഇന്ന് അപ്രത്യക്ഷമാണെന്ന മുന്നറിയിപ്പുമായി ഊക്കോടെയെത്തിയ കാറ്റ്, പരിഭവിച്ചാവണം…തന്റെ സ്ഥിരം കുസൃതികളെ കവെർന്നെടുത്ത ഇത്തിരികുഞ്ഞൻ വൈറസ്സിനോടുള്ള വൈര്യം തീർക്കുന്നത് , ഇരുണ്ട വെളിച്ചത്തിലാണെങ്കിലും ഞാൻ കണ്ടു..
പ്രകൃതിയെ പകുത്തുതിന്നുന്ന ആർത്തിപൂണ്ട മനുഷ്യന്റെ സാമിപ്യം നന്നേ കുറഞ്ഞപ്പോൾ , അവക്കുണ്ടായ വീർപ്പുമുട്ടലുകൾ നമ്മോടുള്ള കറകളഞ്ഞ സ്നേഹമാണെന്നുറക്കെ വിളിച്ചുപറയുവാൻ, മനുഷ്യന്റെ കർണപടത്തിൽ മുഴങ്ങുന്ന സീൽകാരമായി പരിണമിക്കുന്ന മാത്രയിൽ എന്റെ ശബ്ദം ഉയർന്നില്ല…
ഹാ ഇനി എത്ര നാൾ, ഈ ദുരന്തമുഖത്തിൽ നിന്നും ഏറ്റുവാങ്ങേണ്ട ദുർഘടങ്ങൾ കഠിനം തന്നെ…
എന്നിരുന്നാലും ഞാൻ  സുരക്ഷിതനാണ്….എന്നെ പോലെ കുറച്ച്പേർ കൂടിയുണ്ട്…എല്ലാവർക്കും ഞങ്ങളെ മതിപ്പാണുതാനും….അതിനിടയിൽ വലിയൊരു കഥ തന്നെയുണ്ട്… ഒരു മാസ്‌ക് കഥ…

‘ഉണ്ണായി സർ കൊണ്ടു വന്നതാ വടക്കൂന്ന് നല്ല വിലപിടിപ്പുള്ള, മിനുസമുള്ളത്.. പക്ഷെ ഇതാരുമിപ്പോൾ ഉപയോഗികണ്ട..നശിപ്പിക്കാൻ ഞാൻ സമ്മതിക്കയില്ല..’

നെറുകയിൽ തിരുകിയ ഉപ്പിലിട്ട നെല്ലിക്ക ഉറിഞ്ചികൊണ്ട് കേശു അമ്മയെ ദയനീയമായി നോക്കി…
ദ്വാരങ്ങൾ അലങ്കാരമായി തോന്നിയ അയഞ്ഞുപോകുമായിരുന്ന വള്ളിനിക്കറിന് മുകളിൽ അവൾ പുതുതായി തയ്ച്ച ഉടുപ്പ് അണിയിപ്പിച്ചുകൊണ്ട് പറഞ്ഞു…

ഈ ആവശ്യവുമായി നിന്നെ പറഞ്ഞുവിട്ടത് ആരെന്നെനിക്ക് മനസിലായി… എന്റെ പൊന്നു മക്കളെ..രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുവാൻ ഈ ചോർന്നലിക്കുന്ന , ദ്രവിച്ചുതുടങ്ങിയ  ഭിത്തികളും.. ഇഴകൾ പൊട്ടി…കീറലുകൾ വന്ന വിരിപ്പും, മറ്റൊന്ന് വാങ്ങുവാനുള്ള ശേഷിയില്ലാത്തതുകൊണ്ടല്ലേ..ഈ അവസ്ഥയിലും’….

ദുഃഖഭാരം അവളുടെ കൈകളിലെ തഴമ്പിച്ച പാടുകളിന്മേൽ നിഴലിച്ച്കാണാമായിരുന്നു…
കണ്ണൻ ഓടിയെത്തി…

അമ്മേ മാളുചേച്ചി തന്നതാ… നെല്ലിക്ക… ലേശം കൈപ്പിണ്ട്…ഉപ്പുപിടിച്ചിട്ടില്ല…ദാ കഴിക്ക്..

ഉമ്മറക്കോലയിൽ  നിന്ന് അമ്മയുടെ ദൈന്യം അവനും കേട്ടിരുന്നു…
മുത്തശ്ശിയുടെ തടിപെട്ടിക്കകത്തിരുന്ന് ശ്വാസമുട്ടുമ്പോഴാവും കണ്ണനും കേശുവും… എന്നെ തലോടുകാൻ വരിക.
ഭംഗിവാക്കുകൾ പറഞ്ഞു മോഹിപ്പിച്ചിട്ട് പിന്നെയും അകത്തേക്ക് തന്നെ… ഈ വിരിപ്പിനോടും ആ കുഞ്ഞുമനസ്സുകൾക്ക് എന്ത് സ്നേഹമാണ്..ദാരിദ്ര്യവും ഒരു ഭംഗിതന്നെ…
ദിവസങ്ങൾ കടന്നുപോയി… ഒരു വലിയ മഹമാരിയുടെ വരവും, മുൻകരുതലുകളും, മാസ്കും വളരെ  ഭീമമായ മാറ്റങ്ങൾ സൃഷ്ടിച്ചു..

‘പെട്ടന്ന് കുറച്ച് മാസ്കുകൾ വേണമല്ലോ…
അമ്മേ അമ്മക്ക് മാസ്‌ക് തയ്ച്ച്കൂടെ എന്ന് മാളുച്ചേച്ചി ചോദിച്ചു… ചെറിയ വരുമാനം ആകുമല്ലോ എന്ന്..
കടലോരത്ത് പലഹാരം വിൽക്കുമ്പോൾ നമുക്ക് മാസ്‌ക് കൂടി വിൽക്കാം’…
ശരിയാണ്..ഈ ദിനങ്ങളിൽ ഇത്തരത്തിൽ പരിഹാരമാർഗം ചെയ്യുകയെ വേണ്ടു’…

പിന്നെയും ശൂന്യമായിരുന്നു അവളുടെ മനസ്സ്.. മാസ്‌ക് തയ്ക്കുവാൻ… നല്ല കട്ടിയുള്ള തുണി വേണ്ടിവരും..അതും വൃത്തിയുള്ളത്…

പിന്നെ പറയേണ്ടതില്ലല്ലോ പഴയ അയൽക്കാരനായിരുന്ന ഉണ്ണായി സർ ന്റെ സ്നേഹസമ്മാനം… സ്നേഹമാസ്‌ക് ആയി മാറി…
കണ്ണനും കേശുവിനും ഇപ്പോൾ എന്നോട് ഒരുപാട് സ്നേഹമാണ്… അവർ എവിടെ പോയാലും എന്നെയും കൂടെക്കൂട്ടും.. വൃത്തിയാക്കി വെക്കും…
ഒരു പുതിയ വിശേഷമെന്തെന്നാൽ അവർക്ക് പുത്തൻ വിരിപ്പ് കിട്ടി..മാസ്‌കും, പലഹാരവും വിറ്റ പണം കൊണ്ട് ചെറിയ വിലയിൽ, നല്ല മിനുസമുള്ള ഒന്ന് ‘അമ്മ വാങ്ങി നൽകി…കടൽകാറ്റിന്റെ നനുത്ത സ്പർഷം ആ രാവിൽ അവരുടെ ഉറക്കം കെടുത്തിയില്ല……ഹാ എന്ത് മാറ്റമാണ് ഉണ്ടായത്..വൈറസിനെ നേരിടുവാൻ ഞാൻ ഇപ്പോൾ എല്ലാവർക്കും കവചമാണ്, കരുതലാണ്…എന്നിട്ടും…

‘അമ്മേ എന്റെ മാസ്‌ക് എടുത്തെ..സാനിട്ടൈസറും സോപ്പും ഞാൻ വാങ്ങിയിട്ട് വരാം ‘അമ്മ പോകണ്ട…’ കണ്ണൻ ഉറക്കെ പറഞ്ഞു’…

ഞാൻ ഉത്സാഹഭരിതനായി…

                                    

Design a site like this with WordPress.com
Get started