അഞ്ജു സജിത്ത്
ഇന്നും വൈകി. കൈയ്യിലെ പച്ചക്കറി സഞ്ചിയുടെ ഭാരം തൂങ്ങി പിന്നെയും പിന്നെയും പിണങ്ങി വീഴുന്ന ഹാൻഡ്ബാഗിന്‍റെ വള്ളി ഞാത്തിയിട്ട് ഗീതു ദൂരേക്ക് ആകാംഷയോടെ നോക്കി, ഒരു ഓട്ടോയെങ്കിലും വന്നിരുന്നെങ്കിൽ. സിഗ്‌നലിനെ കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളിൽ ഗമയോടെ ഹെൽമെറ്റിനാൽ സുരക്ഷ നേടിയ പെൺകൂട്ടങ്ങളെ അവൾ നോക്കി നെടുവീർപ്പിട്ടു. എനിക്കെന്നാണാവോ ഇതിനൊക്കെ ഒരു ഭാഗ്യമുണ്ടാവുക. സ്വന്തമായൊരു വണ്ടി, അതിൽ കിങ്ങിണിയെ മുന്നിലിരുത്തി ഒരു നാൾ ഞാനും.
അമ്മയുടെ ഓർമ്മ ദിനം ആണിന്ന്. അമ്മയ്ക്ക് വേണ്ടി ഇന്നെങ്കിലും നേരത്തെ വീടെത്തി ഒന്ന് കുളിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാമെന്നു കരുതിയാൽതന്നെ കർമ്മഭാണ്ഡങ്ങളുടെ പരാധീനതകൾ അതിനു അനുവദിക്കുമോ?
അമ്മ പറയുന്നത് പോലെ “പെൺമക്കളിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ അമ്മിണിയെ, മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത് എന്നല്ലേ.”
എന്നത്തേയും പോലെ ചന്ദ്രോത്ത് പ്രൈവറ്റ് ബസ്സിന് കൈകാട്ടി. വവ്വാലുകളെ പോലെ തൂങ്ങി പടിയിൽ ആടുന്ന യാത്രക്കാരെ ഒന്ന് ചെരിച്ചു കാണിച്ചു പരിഹസിച്ച് ആ ബസ്സ് കടന്നു പോയി.
കിങ്ങിണി വീട്ടുപടിക്കൽ കാത്തു നിൽക്കുന്നുണ്ടാകും. എന്‍റെ കുറ്റമാണല്ലോ… പറയാൻ എനിക്കവകാശം ഇല്ലല്ലോ…
ഭർതൃരഹിത എന്ന പട്ടം ചെറിയ കുറ്റപ്പെടുത്തലുകളുടെ വലിയ നെല്ലിപ്പടിയായി ആണല്ലോ എന്നിൽ ചുമത്തിയിരിക്കുന്നത്. കിങ്ങിണി അതിലെ തെളിനീരും. അവൾ ഉറവപൊട്ടി നിറയട്ടെ, ഞാൻ ഔഷധി.
നീട്ടിവിളിച്ച ഹോണയടിയോടെ പാമ്പും കോണിയും കളിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കിടയിലൂടെ ഒരു ഓട്ടോ വന്നു. ‘പീടികപ്പടീന്ന് വലത്തോട്ട് നാലാമത്തെ വീട്.’ അവൾ കുടമടക്കി സീറ്റിൽ പച്ചക്കറി സഞ്ചി വച്ചു… “ഹലോ, സുജാതേ… ഞാൻ വൈകുകയാണെങ്കിൽ കിങ്ങിണിയെ ഒന്ന് വീട്ടിൽ ഇരുത്താമോ… വേഗം വരാം…” അയൽവാസികളുടെ പലചരക്കു കടം വാങ്ങലിൽ മടക്കിക്കിട്ടായ്കയുടെ കണക്കു പുസ്തകത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇങ്ങിനെയും ചില ഗുണങ്ങളുണ്ടല്ലോ, അതിനാൽ അവർക്ക് തൂക്കം കൂടുതൽ തന്നെ…
പ്രൊജക്റ്റിനു നിവർത്തി വച്ച ചാർട്ടിൽ ക്ഷണത്തിൽ ഗീതു സ്കെയിലു കൊണ്ടു നീട്ടി വരച്ചു. ആ സമയത്ത് മുറ്റത്ത് എന്തോ കാൽപെരുമാറ്റം പോലെ ശബ്‌ദം കേട്ടിട്ട് അവൾ മകളോട് പറഞ്ഞു, “ആരാണ് പടിക്കൽ എന്ന് നോക്കൂ കിങ്ങിണി.”
കരിന്തിരിയാളാതെ ഉമ്മറത്തിണ്ണയിലെ മുട്ടിപ്പലകയിൽ നിന്നും നിലവിളക്കിറക്കി വെക്കുമ്പോൾ പടി കടന്ന് അതാ വരുന്നു ശങ്കരേട്ടൻ; അച്ഛന്‍റെ ആത്മ മിത്രം. ആകെക്കൂടെ അന്വേഷിക്കാൻ വരുന്നൊരാൾ; ജീവിച്ചോ മരിച്ചോ എന്ന് പോലും.
“അമ്പലത്തിൽ നിന്നും വരുമ്പോൾ പാടം കടന്നപ്പോൾ താറാവുകാരനെ കണ്ടു. കിങ്ങിണിക്ക് കുറച്ച് മുട്ടവാങ്ങി. അവളെവിടെ?”
ഇതും പറഞ്ഞ് കവർ ചാരുപടിയിൽ വച്ച് ആ നിസ്വാർത്ഥ ശരീരി അകത്തേക്ക് കടന്നുപോയി. ഇങ്ങിനെയും ചില മനുഷ്യർ!.
“നിനക്ക് കാശൊക്കാച്ച ആ നാഗപ്പാട്ട് ഒന്ന് കഴിപ്പിച്ചൂടെ? കുടുംബത്തിലെ ദോഷമങ്ങു നീങ്ങിക്കോട്ടെ.” കട്ടന്‍റെ ചൂടിൽ ശങ്കരേട്ടൻ ഉപദേശിച്ചത് കേട്ടു ഗീതു ചിരിച്ചു.
“ഈ വിജയ ലാബിലെ റിസപ്ഷൻ പണിയും വച്ചു ഞാൻ എന്തൊക്കെ ചെയ്യാനാണ്.
“ആഹ്, നിന്നെയും പറഞ്ഞിട്ട് കാര്യമില്ല. കുടുംബക്കാരും എല്ലാരും കൂടെ ചേർന്ന് ചെയ്യേണ്ടതല്ലേ? നിന്‍റെ അനിയൻ പോലും ഈ വീടും ഉത്തരവാദിത്തങ്ങളും ഇപ്പൊ നിന്‍റെയാണെന്നാണ് കരുതുന്നത്.”
“ഞാൻ ചെങ്ങന്നൂരായിരുന്നപ്പോൾ ഇതൊന്നും ആർക്കും അറിയണ്ടായിരുന്നു ഓപ്പെ. അമ്മയുടെ കാലശേഷം ആർക്കും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാന്‍ വയ്യ. പിന്നെ ഞാൻ എന്തായാലും പ്രതിസന്ധിയിലാണല്ലോ. അപ്പോൾ എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കുന്നതിന്‍റെ ഭാഗമായി ഇതും എന്‍റെ ചുമലിലായി. പക്ഷെ എനിക്കങ്ങനെ ഒന്നൂല്യ ഓപ്പെ. എന്‍റെ അമ്മേടെ ഓർമ്മയാണ് ഈ വീട്, ഈ നാഗത്തറ; ഒക്കെ എന്‍റെ ധൈര്യമാണ്. ജീവിതത്തിന്‍റെ ധൈര്യം.”
അതും പറഞ്ഞ് കുടിച്ച കോപ്പ തിരികെ വാങ്ങി അവൾ അടുക്കളയിലേക്ക് നീങ്ങുന്നത് ശങ്കരേട്ടൻ സ്നേഹത്തോടെ നോക്കി നിന്നു. പണ്ടും കമലേടത്തിയോട് താൻ പറയുമായിരുന്നു, ‘ആണും പെണ്ണുമായി ഇവളൊരുത്തി മതി കമലേച്ചിയെ നിങ്ങൾക്ക്. ഇവളു നോക്കിക്കോളും നിങ്ങളെ.’
‘താഴെ ആണൊരുത്തൻ വളർന്നു വരുന്നുണ്ട് ശങ്കരേട്ടാ. ഇവളെ കെട്ടിച്ചു വിട്ടാലും അവനെ പഠിപ്പിക്കണ്ടേ? നാളത്തെ കഞ്ഞി അവൻ തരണ്ടേ? പെണ്മക്കൾ എന്ന് പറയുന്നത് നോക്കാനേല്പിച്ച മുതലല്ലേ, കാലമാകുമ്പോൾ ഉടമസ്ഥന് കൊടുക്കണമല്ലോ. പലിശ പ്രതീക്ഷിച്ചാൽ നിരാശക്കിടവരും. മുതലു നമ്മൾ നന്നായി കൊണ്ടുനടന്നു എന്നെങ്കിലും ആശ്വാസം.’ കമലേടത്തിയുടെ വാക്കുകൾ അയാളുടെ ചെവിയിൽ ഇപ്പോളും.
പലിശയും മുതലും കൂട്ടുപലിശയുമായി ഇവൾ ജീവിതത്തിന്‍റെ ലോൺ കണക്കിൽ കണക്കുകൂട്ടി തെറ്റിയും തിരുത്തിയും. ജീവിക്കുന്നു; ഉടമസ്ഥനില്ലാതെ.
അസ്ഥിത്തറയിൽ വിളക്ക് ചായ്ഞ്ഞിട്ടില്ല. അയാൾ വരാന്തയിൽ നിന്നും എത്തി നോക്കി. ‘ഇതു വല്ലതും അറിയുന്നുണ്ടോ നിങ്ങൾ കമലേടത്തിയെ?’ അയാൾ നെടുവീർപ്പിട്ടു. “ശരി, ഞാൻ ഇറങ്ങുകയാ.” പടിചാരുമ്പോൾ അയാൾ നീട്ടി വിളിച്ചു പറഞ്ഞു.
വൃശ്ചിക മാസത്തിലെ അനിഴം. അമ്പലകമ്മിറ്റിക്കാരൻ ദിവാകരൻ നീട്ടിയെഴുതി തലയിലെഴുത്തെന്നപോലെ. “പുഷ്പാഞ്ജലി അല്ലെ. പേര് കമല. അമ്മേടെ ഓർമനാളാണല്ലേ, കുറച്ച് വൈകിയാലും വരുമെന്നറിയാമായിരുന്നു.”
കിങ്ങിണി അവളുടെ കൈവിട്ടു അമ്പലമുറ്റത്തേക്ക് ഓടി.പെണ്മക്കൾ കൈവിട്ടാൽ പരിഭ്രാന്തി ആണല്ലോ.’അവൾ ചുറ്റും നോക്കി.
‘ആഹ്, അവൾ കണ്ണകലത്തുണ്ട്.’
ഗീതുവിന് പത്ത് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അങ്കന്‍വാടിയിലെ അദ്ധ്യാപനം കൊണ്ട് അമ്മ രണ്ടാളെയും പോറ്റിയെങ്കിലും കരുതൽ അവളോടായിരുന്നു. കെട്ടിച്ചുവിടാൻ ഇനി വേറെ പൊന്നും പണവും കാണണ്ടേ, പെണ്ണല്ലേ? കാലം അത് തെളിയിച്ചു.
സ്ത്രീധനം നിയമവിരുദ്ധമായ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വളരുന്ന ഓരോ മലയാളി പെണ്ണിനോടും എന്നപോലെ. ‘കുടുംബത്തിലൊരാവശ്യം വരുമ്പോൾ പെൺവീട്ടുകാരല്ലേ സഹായിക്കേണ്ടത്’ എന്ന് തന്‍റെ ഭർത്താവിനോട് ചാണക്യതന്ത്രമോതാൻ നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും മടി കാണിച്ചില്ല.
“കുടുംബവകയ്ക്ക് ഒരു വ്യാപാരം തുടങ്ങാൻ കരുതിയപ്പോൾ നിന്‍റെ ഭാഗത്തു നിന്നുള്ളത് ഞങ്ങൾ പ്രതീക്ഷിക്കില്ലേ? നീ സ്ത്രീധനം ഒന്നും വാങ്ങിയിട്ടുമില്ലല്ലോ? അത് കിട്ടുവാൻ ഒരു മറു മാർഗം, അത്രയെ ഇതിനെ കാണണ്ടതുള്ളൂ.” അടുക്കളയിൽ പാത്രങ്ങളോട് പ്രതിഷേധം തീർക്കുന്ന അവളെ അയാൾ ചാരു കസേരയിൽ ചാഞ്ഞിരുന്നൊന്നു നോക്കി. “അവർ പറയുന്നതിൽ എന്താണ് തെറ്റുള്ളത് ഗീതു?”
രാത്രി ആണുങ്ങൾ തലയണമന്ത്രം ഓതാറില്ലെന്നാണ്. തലയിണ പെണ്ണുങ്ങളുടെ അവകാശമായതിനാൽ അതിനെ സമത്വബോധത്തോടെ കാണേണ്ടതില്ല. കണ്ണീരിൽ കുതിർക്കാനും മന്ത്രമോതാനും എല്ലാ തേപ്പും തലയിണക്ക് സ്വന്തം.
“ഞാൻ അമ്മയോട് പറയാം ഏട്ടാ.” അവളുടെ കണ്ണീർക്കണം തലയിണയെപ്പോലുമറിയിക്കാതെ തുടച്ച് അവൾ തിരിഞ്ഞു കിടന്നു.
‘വീട്ടിൽ ഭാഗം ചോദിക്കാനില്ല, തറവാടാണ്. അനിയൻ ഇപ്പോൾ ജോലിക്ക് കേറിയിട്ടേ ഉള്ളൂ. ഒരു ലോൺ എടുക്കാൻ അവനോട് അമ്മയെക്കൊണ്ട് പറയിച്ചാലോ.
ആഹ്, എന്‍റെ സ്വാർത്ഥത അവനു ജീവിതഭാരം ആയിക്കൊള്ളട്ടെ എന്ന് കരുതാമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. അല്ലെങ്കിൽ അമ്മ പിരിഞ്ഞു വന്നപ്പോൾ കിട്ടിയ തുക ഫിക്സഡീന്നു പിൻവലിക്കണം എന്ന് പറഞ്ഞാലോ? പിന്നെ പെൻഷൻ അല്ലാതെ മറ്റൊന്നും കാണില്ല. ഒരു ആശുപത്രി ചിലവു വന്നാൽ അമ്മയെ ആര് നോക്കും? വേണ്ട, ഒന്നും വേണ്ട. തന്‍റെ ജീവിതത്തിനു ഉത്തരവാദി താൻ തന്നെയാണല്ലോ. അതിനു മറ്റുള്ളവരുടെ മേൽ എന്തിനു ഭാരമിറക്കി വച്ചു കാഴ്ചക്കാരിയാകണം. അവർ ഗാലറിയിൽ ഇരിക്കട്ടെ. ഞാൻ ഒറ്റക്ക് കളിക്കാം. അവസാന മിനിറ്റ് വരെയും. പാഴ്ശ്രമം ആണെങ്കിലും പ്രതീക്ഷിക്കാൻ അവകാശം ഉണ്ടല്ലോ.’
കാശിന്‍റെ കണക്കു കൂട്ടലുകളിൽ കുരുങ്ങി സന്ധ്യകളും അത്താഴമേശ ആക്രോശങ്ങളും കൊടുമ്പിരികൊണ്ടു. നേർത്ത നൂലിഴ സൂചിസുഷിരത്തിലൂടെ എന്നപോലെ കടന്നു പോകുന്ന ദിനങ്ങളെ അവൾ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. എന്നുവേണമെങ്കിലും ഒരു അവസാന വാക്ക് ചോദിക്കാം അവർക്ക്, ‘പണം എത്തിക്കാമോ ഇല്ലയോ?’ എന്ന്.
‘ഇല്ല, ഞാൻ വിചാരിച്ചാൽ സാധ്യമല്ല’ എന്ന ഉത്തരത്തിന്‍റെ പരിണിതഫലമാണ് ഞാൻ ഇന്ന് ഈ വീട്ടിന്‍റെ ചെറുപടി ചാരുന്നത്. ‘പണമില്ലാത്തവൻ പിണം’, അല്ല ‘പണമില്ലാത്തവൾ പിണം’. പ്രയോഗം ശരിയായി; അല്ല ശരിയാക്കി.
4 കൊല്ലമായി ബന്ധം വേർപിരിഞ്ഞിട്ട്. അദ്ദേഹം വേറെ വിവാഹം ചെയ്തു, വ്യാപാരവും ചെയ്തു. ഞാൻ കിങ്ങിണിയുമായി പിണമായി ഈ തറവാടിന്‍റെ ഒരു കോണിൽ. കരയുന്നില്ല, പോരാടുന്നു എന്ന് മാത്രമാണ് മാറ്റം. വിമോചനം സ്ത്രീക്ക് എന്തിൽ നിന്നാണ് വേണ്ടതെന്ന് അല്ലെങ്കിൽ സമത്വവാദം എവിടെയാണ് ഉന്നയിക്കേണ്ടതെന്ന് പോരാട്ടങ്ങൾ തീരുമാനിക്കട്ടെ.
“ചേച്ചി, ഇന്ന് 5 മണിയുടെ ശ്രീരാജ ബസ്സിനാണോ പോണത്?” ലാബ് അറ്റൻഡർ സതീഷിന്‍റെ അനാവശ്യമായ ചോദ്യത്തോട് മറ്റുള്ളവരോടെന്നപോലെ അവൾ ചിരിച്ചു തലയാട്ടുക മാത്രമാണ് ചെയ്തത്.
“ഇന്ന് ആ ബസ്സ് ഇല്ലാട്ടോ. അതിനു മുൻപിലത്തെ ബസ്സ് പിടിച്ചോളൂ. അല്ലെങ്കിൽ ഞാൻ കൊണ്ടുവിടാം, ബൈക്ക് ഉണ്ട്.”
“വേണ്ട ഞാൻ പൊയ്ക്കൊള്ളാം.” അവൾ നന്ദി രേഖപ്പെടുത്തി.
ഭർത്താവില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് സഹായപ്രവാഹം ആയിരിക്കുമല്ലോ; അതാണല്ലോ ലോകം. കൗമരക്കാരികളേക്കാൾ ജീവിതം വിവാഹ മോചിതർക്ക് ദുരിതം തന്നെ. കാലങ്ങളോളം ഉള്ള റോഡ് കുഴികൾ പോലെയാണ് അത്.
“എന്താണ് സതീഷേ, പുതിയ വാഗ്ദാനങ്ങളൊക്കെ?” പ്രവീൺ ഒരു കള്ളച്ചിരിയോടെ സതീഷിന്‍റെ തോളത്തു തട്ടി. “അല്ല, ചേച്ചി പാവം, ഒറ്റയ്ക്ക് പോകണ്ടേ എന്നോർത്തു ചോദിച്ചതാ.” അവൻ ന്യായീകരിച്ചു.
“ഉം… ഉം.” പ്രവീൺ കണ്ണിറുക്കി കാണിച്ചു. ചേച്ചിമാർ ഒറ്റക്ക് പോകുന്നതിന്‍റെ ആശങ്കകൾ ആങ്ങളമുദ്രക്കാർക്ക് കൂടിക്കൂടി വരികയാണ്. ഒറ്റക്ക് പോകുന്ന കൗമാരക്കാരിയെ പീഡിപ്പിച്ചാലും ചേച്ചിമാരെ പീഡിപ്പിക്കാൻ അത്ര എളുപ്പമല്ല. കാരണം അക്ഷരാർത്ഥത്തിൽ അവരുടെ പിന്നാലെയുള്ള ആങ്ങളമാരുടെ കണ്ണുകൾ വാട്സാപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഒരിഞ്ചു പുറകോട്ടു മാറി പീഡിപ്പിക്കാൻ അന്യനൊരുത്തൻ ഭയക്കണം.
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ആ കടയിലേക്കവൾ കണ്ണോടിച്ചു.
‘സൗഭാഗ്യ ടെക്സ്റ്റിൽസ്’.
അടുക്കി വെച്ചിരിക്കുന്ന വർണ്ണനൂൽ പട്ടുസാരികൾ… മനോഹരം.
അമ്മയുടെ എത്ര നാളത്തെ ആഗ്രഹമായിരുന്നു, മഷിനീല നിറത്തിലൊരു സാരി. ആഗ്രഹത്തോടെ അമ്മയുടെ വിരലുകൾ എത്ര തവണ വിരലോടിയിട്ടുള്ളത് ഞാൻ തന്നെ കണ്ടിട്ടുണ്ട്. വില്പനക്കാരിയോട് ആദ്യമായി വില ചോദിച്ചതിന്‍റെ ഞെട്ടൽ മാറും മുൻപേ അമ്മ എന്നെ വിട്ടുപോയി.
കുറേനാൾ ലാബിലെ പണിയിൽ നിന്നും കിട്ടിയ കാശ് നുള്ളിപ്പെറുക്കി ഒരെണ്ണം വാങ്ങി കൊടുത്തിട്ടു വേണം അതുടുപ്പിച്ച് ഒരു ഞായറാഴ്ച ഗുരുവായൂർക്ക് കൊണ്ടുപോകാൻ. ഒക്കെ ഒരു മോഹം മാത്രം. അമ്മ കാത്തു നിന്നില്ല, ഒന്നിനും. പക്ഷേ ഒന്നിനും പരാതി ഇല്ലായിരുന്നു. നാരായണ വിലാസിലെ കമലക്ക് ആ മുണ്ടും നേര്യതിലും ഒതുങ്ങി ആ ജന്മം.
ചില ജന്മങ്ങൾ അങ്ങിനെയും.!
“ഹലോ”
“ഹലോ…”
“ആഹ് എന്താ സതീഷേ ഈ നേരത്ത്?” അവൾ മേശവിളക്കിന്‍റെ സ്വിച്ച് ഇട്ടു നോക്കി. മണി പന്ത്രണ്ട് ആയിരിക്കുന്നു.
“അല്ല, ചേച്ചി ഉറങ്ങിയോ?”
“അഹ്, ഉറങ്ങിയല്ലോ.”
“മോളോ?”
“അവളും ഉറങ്ങിയല്ലോ സതീഷേ. നീ എന്താ വിളിച്ചേ എന്ന് പറയു.”
“അല്ല ചേച്ചി, ഒന്നുമില്ല. ചേച്ചി ഉറങ്ങിക്കോ, നാളെ ലാബിൽ കാണാം.”
“എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക്? വീട്ടിൽ പ്രശ്നം ഒന്നുമില്ലല്ലോ അല്ലേ? ഇവിടെ ഈ വാടകമുറിയിൽ കൂട്ടുകാരുടെ ഒപ്പം നിൽക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും, ഊഹിക്കാവുന്നതേ ഉള്ളൂ. സാരമില്ല, നീ കുടുംബം നോക്കുന്നില്ലേ. അത് ഈ പ്രായത്തിൽ വലിയ കാര്യം തന്നെ ആണ്. ഉറങ്ങിക്കോളൂ. നാളെ സംസാരിക്കാം.”
അവൾ ഫോൺ മേശപ്പുറത്തു വച്ച് കിങ്ങിണിയെ ചേർന്ന് കിടന്നു.
സതീഷ് തന്നോടടുക്കാൻ പഴുതന്വേഷിക്കുന്നു എന്നൂഹിക്കാൻ എനിക്ക് വെറും പെൺബുദ്ധി മതി. മുളയിലേ നുള്ളുന്നതാണ് നല്ലത്. അത് പടുവിളയാണ്.
സ്നേഹാന്വേഷണത്തിന്‍റെ ഇളം ചൂടിൽ ഊഷ്മളമായൊരു സൗഹൃദത്തിന്‍റെ വേലിക്കെട്ടു തകർത്ത് ഗീതുവിന്‍റെ ഒറ്റപ്പെടലിലേക്ക് പതുക്കെ പതുക്കെ അവളറിയാതെ തന്നെ സതീഷ് സഞ്ചരിച്ചു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഇരു കൈകളിലെയും തള്ളവിരലുകൾക്കിടയിൽ ചലിച്ചു മൊബൈലിൽ സന്ദേശങ്ങൾ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.
ഒരിക്കൽ വീട്ടിൽ നിന്നും വേറൊരു ഫോണിൽ അമ്മ വിളിച്ചപ്പോൾ സന്ദേശം അയച്ചു കൊണ്ടിരുന്ന ഫോൺ പ്രവീണിന് നൽകി അവൻ പടികളിറങ്ങാൻ തുടങ്ങുമ്പോൾ പ്രവീൺ ആംഗ്യത്തിൽ അവനോട് ചോദിച്ചു: “ഗീതു ചേച്ചിയാണല്ലോ, ഞാൻ എന്താ പറയേണ്ടത്? ഇത് നിങ്ങൾ തമ്മിലുള്ള സംഭാഷണമല്ലെ?”
അതിന് മറുപടിയായി സതീഷ് വിരസമായി പറഞ്ഞു.
“നീ ഒന്നും പറയണ്ട. ഞാൻ ഇപ്പോൾ അമ്മയോട് സംസാരിച്ചിട്ട് വേഗം വരാം. അതുവരെ അവൾ പറയുന്നതിന് ആഹ്, ഉം എന്നൊക്കെ മൂളിക്കേട്ടാൽ മതി. എന്നും ഒരേ പ്രാരാബ്ധക്കഥ തന്നെയാവും പറയാനുണ്ടാവുക. ഈ ഒറ്റപ്പെടലുള്ള സ്ത്രീകൾക്ക് വേറെന്താ പറയാനുള്ളത്?”
“അയ്യോ, നീ അല്ലെന്നു മനസ്സിലായാലോ?”
“അതിന് കാണുന്നൊന്നുമില്ലല്ലോ നിന്നെ അവൾ. സന്ദേശം ആർക്കും അയച്ചുകൂടെ? നീ മുത്തേ, പൊന്നെ എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിളിച്ചോ. വേണേൽ നീട്ടി ഒരു ഉമ്മയും കൊടുത്തോ.”
ഇത് കേട്ട് പ്രവീൺ ഞെട്ടിത്തരിച്ചു.
“നീ എന്തൊക്കെയാണ് ഈ പറയുന്നത് സതീശേ?”
അവൻ മൊബൈൽ പ്രവീണിന്‍റെ കൈയ്യിൽ തിരുകി പടികൾ ഇറങ്ങിപ്പോയി.
തുരുതുരെ ഒഴുകി വരുന്ന കരുതലുള്ള വാക്കിന്‍റെ അക്ഷരങ്ങളോടവൻ ഒന്നാം ബെഞ്ചിലെ കുട്ടി ടീച്ചറോടെന്ന പോലെ വിനയത്തോടെ മൂളിക്കേട്ടു.
“സതീശന് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ? സ്നേഹം എന്നത് ഒരു വ്യവസ്ഥ അല്ല, വ്യവസ്ഥാപിതമായ സാമൂഹിക ചുറ്റുപാടുകളോട് തുലനം ചെയ്തു തിട്ടപ്പെടുത്താൻ സാമൂഹിക അടിമത്തമുള്ളവന് ബാധ്യതയുണ്ട്. സതീശൻ കൂടുതൽ ഒന്നും ചിന്തിക്കണ്ട. വീട്ടുകാരോട് വിവാഹാലോചനകൾ നടത്താൻ പറയൂ. എന്നായാലും അതൊക്കെ വേണ്ടേ, അതിപ്പോൾ ആയിക്കോട്ടെ.”
“അല്ല, അതങ്ങനെ അല്ല.” പ്രവീണിന് ശ്വാസംമുട്ടി. അവനെന്തൊക്കെയോ പറയാൻ ശ്രമിച്ചു. ജനലഴികളിലൂടെ വിരൽ ചുരുട്ടിപ്പിടിച്ച് അവൻ പ്രതിഷേധം തീർത്തു. ഒരു സ്ത്രീയുടെ നൈർമൈല്യത്തെ വലിച്ചെറിഞ്ഞ ബീഡികുറ്റി കണക്കെ അവനു ചുറ്റും ആ ജനാലയ്ക്ക് അരികെ അവിടവിടങ്ങളിലായി ബീഡികുറ്റികൾ നിരന്നു. എത്ര സ്ത്രീ മനസ്സുകൾ സതീശനു ചുറ്റും. കൂടുതൽ സംസാരിക്കാനാവാതെ അവൻ ഒരു നുണയിലേക്ക് പുനർജനി നൂണുകടന്നു.
“ഞാൻ കുളിച്ചിട്ടു വരാം ഗീതു.”
“ശരി. പോയി കുളിക്കൂ സതീശാ.ഭക്ഷണം വല്ലതും വാങ്ങി കഴിക്കൂ.” അമ്മയുടെ പോലെയുള്ള ആ കരുതൽ വാക്കുകളിൽ അവന്‍റെ കണ്ണുനിറഞ്ഞു.
നീണ്ട സ്നേഹവായ്‌പിന്‍റെ വിളിക്കൊടുവിൽ സതീശൻ വന്നു. ഇതിന്‍റെ കാലദൈർഘ്യം ഇന്ന് തീരുമാനിക്കണം.
അവൻ കട്ടിലിൽ ചാരിയിരുന്നു വീണ്ടും സന്ദേശമയച്ചു.
“ഗീതു ചേച്ചി ലുലു മാളിൽ പോയിട്ടുണ്ടോ?”
“ഇല്ല സതീശാ എന്തേ?”
“ഈ നാട്ടിൽ ഇങ്ങനൊരിടം ഉണ്ടായിട്ട് ഇതുവരെ പോയില്ലേ?”
“അതിനവിടെ എന്താ ഉള്ളത്? കൊറേ വിലകൂടിയ കടകളൊക്കെ അല്ലെ… അതിലൊക്കെ പോകാനുള്ള കാശ് എവിടുന്ന് സതീശാ?”
“അതിനവിടെ പോകുന്നവരൊക്കെ സാധനങ്ങൾ വാങ്ങാനാണ് പോകുന്നതെന്നാണോ ചേച്ചി കരുതുന്നത്? വെറുതെ നേരം കൊല്ലാൻ ഒരിടം അത്രതന്നെ. നമുക്ക് നാളെ പോകാം?”
“നാളെയോ? നാളെ കിങ്ങിണിക്ക് സ്കൂളുണ്ടല്ലോ സതീശാ. അത് മാത്രമല്ല, ആരെങ്കിലും കണ്ടാൽ അതുമതി. ഇതു നാട്ടിൻപുറമാണ് സതീശാ. എനിക്കിനിയും ഇവിടെ ജീവിക്കണം.”
“ഒരാളുടെ കൂടെ മാൾ വരെ ഒന്ന് വന്നു എന്ന് കരുതി സദാചാരം ഒന്നും പോകില്ല.” അവൻ പ്രതികരിച്ചു.
“സതീശാ, എന്‍റെ ശരിയാണ് എന്‍റെ ആചാരം, അതിനെ സദാ ആചരിച്ചാൽ സദാചാരം. അതിൽ കവിഞ്ഞൊന്നുമല്ല സദാചാരം. എന്‍റെ ശരി എന്നത് നിന്‍റെയൊപ്പം വരുന്നത് ശരിയല്ല എന്നതാണ്. കൂടാതെ സ്നേഹമില്ലായ്മയിൽ നിന്നല്ലെങ്കിലും എന്നോടുള്ള അടുപ്പത്തിൽ നിന്നും നീ പിന്തിരിയണം. നമ്മളെന്നും കാണാനിടയുള്ളരാണ്; സഹപ്രവർത്തകർ.”
പിറ്റേന്നത്തെ നീണ്ട ചായ ഇടവേളക്കു മുഖം കൊടുക്കാതെ സതീഷ് മേശമേൽ ഉള്ള താളം കൊട്ടലിൽ നിന്നും ഗീതുവിന്‍റെ വരവോട് പിൻവലിഞ്ഞത് പ്രവീൺ ശ്രദ്ധിച്ചെങ്കിലും ആ സൗന്ദര്യ പിണക്കം എന്നതിന് കാക്കപുള്ളിയുടെ കറുപ്പേ കല്പിച്ചുള്ളൂ.
ചായക്കോപ്പയുടെ ചൂടാറിത്തീരും മുൻപേ വലിച്ചു കുടിച്ച് തന്‍റെ മേശമേലടിക്കുന്ന നീണ്ട ഫോൺ നാദത്തിലേക്ക് ശ്രദ്ധ ചലിപ്പിച്ച് അവൾ എത്തി നോക്കി. പലപ്പോഴും ഉറക്കത്തിൽ പോലും ഇതടിക്കുന്നതായി സ്വപനം കാണുന്നതവളോർത്തു. അത്രമേൽ ജോലി ജീവിതമായിരുന്നു. ലാബിൽ പാതി ചാരിയ വാതിലിനെ അവൾ പതുക്കെ അടയ്ക്കുവാൻ ശ്രമിച്ചപ്പോൾ മറുവശത്തു നിന്ന് ഒരു കൈ ആ വിരലുകളെ തലോടി.
“ഒരു കവർ മേശപ്പുറത്തു വച്ചിട്ടുണ്ട്, ചേച്ചിക്കുള്ളതാണ്. “
“എന്താണ് സതീശാ, വീട്ടിൽ പോയിരുന്നോ? അമ്മ വല്ലതും ഉണ്ടാക്കിത്തന്നുവോ? കിങ്ങിണിയുടെ ചുണ്ടിൽ ഇപ്പോളും ആ ഉണ്ണിയപ്പ മണമാണ്.”
തിളങ്ങുന്ന കണ്ണുകളിൽ തികഞ്ഞ നിശ്ചയദാർഢ്യം, നേരിന്‍റെ സിന്ദൂര വടിവിൽ ചുവപ്പില്ലാത്തതിന്‍റെ കോട്ടം പിണ്ഡം വച്ചു പടിക്കൽ നില്കും പോലെ അവനെ നോക്കി പല്ലിളിച്ചു. അവൾ ആ കവർ അലസമായി എടുത്ത് തോൾ സഞ്ചിയിൽ നിക്ഷേപിക്കാൻ കൈയ്യൂന്നിയപ്പോൾ അതിലെ വെള്ളയിൽ ചുവന്ന വലിയക്ഷരങ്ങൾ ശ്രദ്ധിച്ചു.
“സൗഭാഗ്യ ടെക്സ്റ്റിൽസ്”
അവൾ ആ ചാണകപ്പച്ച നിറമുള്ള കടലാസ്സ് പൊതി വിരലുകളാൽ പതുക്കെ കോറി വിടുവിച്ചു.
നീല നിറം! അതെ, നീലപട്ട്!! അമ്മ പട്ട്!!! അവളുടെ ഉള്ള് ചിന്തകളുടെ ചെന്തീയാട്ടു കൊണ്ടു നീറി. അവൾ ഫോൺ എടുത്ത് സതീശന് സന്ദേശമയച്ചു.
“ഇതെന്താ സതീശാ, സാരിയൊക്കെ?”
“ഒന്നുമില്ല. നാളെ 9:30നു ഞാൻ ചേലൂർക്കര കക്കടം സ്റ്റോപ്പിൽ നില്ക്കും, ഇതുടുത്തു വരൂ. നമ്മൾ ലുലു മാളിൽ പോകുന്നു. ചേച്ചി ഇതുടുത്താൽ എന്തഴകായിരിക്കും. എനിക്കാ അഴക് വേണം. ഞാൻ പ്രതീക്ഷിക്കും.”
ആനിടീച്ചറുടെ മഷിക്കുപ്പിയിലെ നീലമഷി കൈക്കുമ്പിളിൽ ഒഴിച്ച് മാവിന്‍റെ ഇലച്ചാർത്തിലൂടൊഴുകി വരുന്ന വെയിലിനെ ചുംബിപ്പിച്ചു കാണിച്ച കൗതുകം. എന്തഴകാണ് ഈ നിറത്തിന്… മഷിനീല. അമ്മ ഇഷ്ടപെട്ടതും അതാവാം. നീലയല്ലത്രേ റോസാപ്പൂവിന്‍റെ റോസ് ആണത്രെ പെൺ നിറം. നീല ആൺ നിറമാണത്രേ. ജനിച്ച് കുഞ്ഞുടുപ്പ് മുതൽ നിറഭേദം. എന്തോ എനിക്കീ നിറം ഇഷ്ടമാണ്. പക്ഷേ, അത് സതീശനെന്ന ആണിന്‍റെ നിറമല്ല, ഞാൻ എന്ന പെണ്ണിന്‍റെ നിറമാണ്. തോൾ സഞ്ചിയിലെ തൂവാലയിൽ അവൾ മുഖമമർത്തി. വിയർപ്പിന്‍റെ ഗന്ധം, ഭയത്തിന്‍റെ, ആശങ്കയുടെ, ആഗ്രഹങ്ങളുടെ ഒക്കെയുള്ള പോരാട്ടങ്ങളുടെ തീക്ഷ്ണ ഗന്ധം. ഒറ്റപ്പെട്ടവളുടെ പെൺഗന്ധത്തിന്‍റെ ഉപ്പുരസം കണ്ണീരിന്‍റെ കൂടെ ആണല്ലോ. ശരി തെറ്റുകൾക്കിടയിൽ ഒരു സ്ത്രീ നേരിടുന്ന ആയിരം സംഘർഷങ്ങളിൽ ഒന്ന് തന്‍റെ സ്ത്രൈണതയുടേത് തന്നെയാണ്. നേരം തെറ്റിവരുന്ന വിളിക്കാത്ത അഥിതിയാ൦ ആർത്തവം ശരീരത്തോട് വാക്കേറ്റം നടത്തുമെങ്കിലും മനസ്സ് എന്ന അതിരില്ലാത്ത ആകാശത്തിലെ പട്ടം തന്നിൽ ഒളിപ്പിക്കാൻ ഒരു സ്ത്രീക്കേ ആകൂ.
ആരുമില്ലാത്ത ബസ്റ്റോപ്പിൽ ഒറ്റക്കിരുന്നവൾ മൊബൈലിൽ നോക്കി… 23മിസ്സ്ഡ്കോൾ.
ചില വിളികൾക്ക് കൂരമ്പിന്‍റെ വേഗത. ആശങ്കയുടെ നിമിഷങ്ങളിൽ സ്വയം അടക്കാതെ മിനിറ്റ് സൂചി എണ്ണിത്തിട്ടപ്പെടുത്തും മുൻപേ അവൾ ചുറ്റും നോക്കി. ടെക്സ്റ്റയിൽസിലേക്ക് ജോലിക്കു കേറുന്ന സെയിൽസ് ചേച്ചിമാർ ചിരിച്ചു തലയാട്ടി. കിങ്ങിണിക്ക് ഒരു തരി പൊന്നിന്‍റെ കമ്മൽ പണിയിക്കാൻ വച്ച കാശ്, അതിൽ അവളുടെ വിരൽ തടഞ്ഞു.
“ഉൾവിളികൾ ചിലത് മുന്നേറ്റം കുതിക്കുന്ന കുതിരപ്പന്തയമാണല്ലോ ജീവിതം.”
അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. ചീറിപ്പായുന്ന വാഹങ്ങങ്ങളോട് പറഞ്ഞു
‘ഇനി ഞാൻ കൈകാണിക്കില്ല.’ റോഡ് കുറുകെ കടന്നു ടെക്സ്റ്റയിൽസിലേക്ക് കയറിയ അവളെ നോക്കി പരിചയക്കാരി കുശലാന്വേഷണം നടത്തി.
“ഇന്ന് ജോലി ഇല്ലേ?”
നീലയിൽ സ്വർണ ജരിക ഉള്ള സാരി. അവർ മൂന്നെണ്ണം എടുത്തു കഴിഞ്ഞപ്പോൾ അവൾ കൈ ഉയർത്തി കാണിച്ചു.
“ഇതുമതി.”
ആ പൊതി മാറോടണച്ച് അവൾ ഓട്ടോക്ക് കൈ കാണിച്ചു. വീടെത്തും വരെ സംഘർഷങ്ങളൊടുങ്ങാത്ത മനസ്സ് അമ്മയുടെ അസ്ഥിത്തറയിലേക്ക് ഓടിയടുത്തപ്പോൾ കോളാമ്പിപ്പൂക്കളെ നോക്കി നിറഞ്ഞ കണ്ണോടെ ചിരിച്ചു. അവൾ ആ അസ്ഥിത്തറക്കൽ ആ സാരി വച്ചു. ഉള്ളിലെ വിഷാദ കന്മദം പൊട്ടി.
“എനിക്ക് ലുലു മാൾ കാണണ്ട. എന്നിലെ പെണ്ണിന് അമ്മയെ അറിയാം, സതീശനറിയില്ലായിരിക്കും. അമ്മയ്ക്കും എനിക്കും നീലാകാശവും നീലക്കടലും കണക്കെ പ്രതിസന്ധികളുണ്ടാകുമായിരിക്കാം. അതിൽ ജീവിതം നമ്മൾ ആഘോഷിച്ചിട്ടില്ലായിരിക്കാം. കിങ്ങിണിക്ക് പട്ടു കനവ് ഉണ്ടാവട്ടെ. അല്ലെ അമ്മേ…?”
അവൾ എഴുന്നേറ്റു. പിന്തിരിഞ്ഞു നോക്കാതെ പടിക്കലേക്ക് നടന്നകലുന്നത് ഒരു നീല പട്ടുചേലക്കാരിക്ക് നോക്കി നിൽക്കാനേ ആയുള്ളൂ.
“സർ… ബസ്സ് കിട്ടിയില്ല, 20 മിനിറ്റ് വൈകും. പക്ഷേ വരും.”
അവൾ ഫോൺ ബാഗിലേക്കിട്ടു. യാതൊരു ഭാവഭേദവുമില്ലാതെ കയറി വരുന്ന അവളെ പ്രവീൺ അതിശയത്തോടെ നോക്കി. ഗീതു ലുലു മാളിൽ പോയില്ല. അവന്‍റെ ദീർഘനിശ്വാസം കണ്ടില്ലെന്നു നടിച്ച് അവൾ കസേരയിൽ ഇരുന്നു. ആദ്യത്തെ ഫോൺ വിളിക്ക് ഉത്തരം നൽകി.
“ചേച്ചി…” അവൻ ഒരു പെട്ടി ലഡ്ഡു അവളുടെ നേർക്ക് നീട്ടി.
“അമ്മയുടെ പിറന്നാളാണ്.”
അവൾ നിറകണ്ണുകളോടെ അത് രുചിച്ചു.
തൃമധുരം.